കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടന്നു
കാഞ്ഞങ്ങാട് : മഴക്കാലത്തെ സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലും വിവിധ വാർഡുകളിലുമായി മഴക്കാലപൂർവ്വ ശുചീകരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു. കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. നഗരസഭാധ്യക്ഷൻ വി.വി രമേശൻ, ഉപാധ്യക്ഷ ലതാ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം ഏകോപിപ്പിച്ചത്. നഗരസഭയിലെ വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരും വാർഡ് കൗൺസിലർമാരും അതാത് പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി.
നഗരസഭാ പരിധിയിലെ പൊതു ഇടങ്ങളും പാതയോരങ്ങളും വ്യത്തിയാക്കുന്നതിലും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും ഹരിതകർമ്മ സേനാ അംഗങ്ങൾ സജീവമായി പങ്കെടുത്തു. വീടുകളും സ്ഥാപനങ്ങളും പരിസരങ്ങളും മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകാനും ഈ കൂട്ടായ്മയിലൂടെ സാധിച്ചു. വരും ദിവസങ്ങളിലും വാർഡുകൾ കേന്ദ്രീകരിച്ച് ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ തുടരാനാണ് നഗരസഭയുടെ തീരുമാനം.
.jpg)

