കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ ദ്വിദിന ബാലസഭ കളിക്കൂട്ടം ക്യാമ്പിന് ആവേശകരമായ തുടക്കം
കാസർഗോട് : കുട്ടികളിലെ അറിവും കഴിവും വികസിപ്പിക്കുന്നതിനൊപ്പം പുതിയ ആശയങ്ങൾ കണ്ടെത്താനും സൗഹൃദങ്ങൾ ദൃഢമാക്കാനുമായി കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ബാലസഭ ക്യാമ്പിന് കാഞ്ഞങ്ങാട് നഗരസഭയിൽ തുടക്കമായി. 'കളിക്കൂട്ടം' എന്ന പേരിൽ കാഞ്ഞങ്ങാട് മുൻസിപ്പൽ ഹാളിൽ വെച്ച് നടക്കുന്ന ക്യാമ്പ് നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സി.ഡി.എസ് ചെയർപേഴ്‌സൺ കെ.പുഷ്പലത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നഗരസഭയിലെ 47 വാർഡുകളിൽ നിന്നായി 74 കുട്ടികളാണ് ഈ വർഷത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. 'കാർബൺ സന്തുലിതാവസ്ഥ' എന്ന പ്രധാന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തവണത്തെ കുടുംബശ്രീ ബാലസഭ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പൊതു ഇടങ്ങൾ ബാലസൗഹൃദമാക്കുക എന്ന ആശയത്തിനും ക്യാമ്പ് വലിയ പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി ആട്ടവും പാട്ടും, ഫ്രീ ഡാൻസ്, 'എന്റെ കൂട്ടുകാരൻ എന്റെ ശക്തി', കാർബൺ മെഷർ തുടങ്ങി കുട്ടികളെ ആകർഷിക്കുന്ന വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ നടന്നു.
ചടങ്ങിൽ സംസ്ഥാന ബാല പാർലമെന്റിൽ പങ്കെടുത്ത ബാലസഭ അംഗം കെ. തേജയെ ആദരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്‌സൺ ലതാ ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.വി. ജാഫർ, എം.സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, സി.വിജയൻ, കൗൺസിലർ എം. പ്രശാന്ത് എന്നിവർ സംസാരിച്ചു.
നഗരസഭ സെക്കൻഡ് സി.ഡി.എസ് ചെയർപേഴ്‌സൺ പി.വി. രത്‌നാവതി സ്വാഗതവും ബ്ലോക്ക് കോർഡിനേറ്റർ കെ. ജിജി നന്ദിയും പറഞ്ഞു. പരിശീലന ക്ലാസുകൾക്ക് എ.വി. സന്തോഷ് കുമാർ, വിജയകുമാർ പനയാൽ, ജിതിൻ കൊടക്കാട്, അനുശ്രീ മുഴക്കോം എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ നഗരസഭ കൗൺസിലർമാർ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജില്ലാ മിഷൻ ജീവനക്കാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
.jpg)

