കാഞ്ഞങ്ങാട് മണ്ഡലത്തിലെ വികസന പദ്ധതികൾ വിലയിരുത്തി

KANHANGAD


കാസർ​ഗോട് : കാഞ്ഞങ്ങാട് മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികളുടെ നിർവ്വഹണം വേഗത്തിലാക്കുന്നതിനായി കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി സുഗമമാക്കുന്നതിനാണ് മണ്ഡലത്തിലെ സാംസ്‌ക്കാരിക, ടൂറിസം പദ്ധതികളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തതെന്നും മുഴുവൻ നിർവ്വഹണ ഉദ്യോഗസ്ഥരും കൃത്യമായി പ്രവർത്തിച്ച് പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്നും അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ പറഞ്ഞു. അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എയുടെ നിർദ്ദേശപ്രകാരം ചേർന്ന യോഗത്തിൽ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. 

മടിക്കൈയിലെ സുബ്രഹ്‌മണ്യൻ തിരുമുമ്പ് സാംസ്‌കാരിക സമുച്ചയം, കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ, ദേശീയ പൈതൃക ഇടനാഴി, വെള്ളിക്കോത്ത് വിദ്വാൻ പി. കേളുനായർ ദേശീയ സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ നിർമാണ പുരോഗതിയും മണ്ഡലത്തിലെ മറ്റ് പ്രധാന ടൂറിസം പദ്ധതികളുടെ ഘടനയും യോഗം സമഗ്രമായി ചർച്ച ചെയ്തു. പദ്ധതികളുടെ തുടർനടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കും എഞ്ചിനീയർമാർക്കും നിർദ്ദേശം നൽകി. 

സുബ്രഹ്‌മണ്യൻ തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിന്റെ പരിപാലനം, സെക്യൂരിറ്റി നിയമനം, സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാക്കാന് ജില്ലാ കളക്ടർ കെ.എസ്.എഫ്.ഡി.സിയ്ക്ക് നിർദ്ദേശം നൽകി. വെള്ളിക്കോത്ത് വിദ്വാൻ പി. കേളുനായർ ദേശീയ സാംസ്‌കാരിക കേന്ദ്രം പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിന് ജില്ലാപഞ്ചായത്ത്, ജില്ലാ കളക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ, വെള്ളിക്കോത്ത് സ്‌കൂൾ ഭാരവാഹികൾ എന്നിവർ ഉൾപ്പെട്ട കമ്മറ്റി രൂപീകരിച്ച് തീരുമാനങ്ങൾ എടുക്കും. കാഞ്ഞങ്ങാട് ടൗൺസ്‌ക്വയർ പ്രവൃത്തി 85 ശതമാനം പൂർത്തിയായതായി ടൂറിസം ഡെപ്യൂട്ടിഡയറക്ടർ അറിയിച്ചു. സെന്റർ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാൻ തയ്യാറാക്കാൻ ജില്ലാകളക്ടർ നിർദ്ദേശിച്ചു. ദേശീയ പൈതൃക ഇടനാഴിയുടെ പ്രൊജക്ട് സംബന്ധിച്ച് ഡി.പി.ആർ സമർപ്പിക്കാനായി വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണ്. ഡി.പി.ആർ തയ്യാറാക്കാൻ കോർഡിനേഷൻ കമ്മറ്റി രൂപീകരിക്കും. മഞ്ഞംപൊതിക്കുന്ന് പ്രവൃത്തി 75 ശതമാനം പൂർത്തിയായതാതി ഏജൻസി അറിയിച്ചു. പ്രവൃത്തി 90 ശതമാനം പൂർത്തിയാകുമ്പോൾ ടെണ്ടർ വിളിക്കാൻ ജില്ലാ കളക്ടർ ഡി.ടി.പി.സിയോട് നിർദ്ദേശിച്ചു. റാണിപുരം ടൂറിസം കേന്ദ്രത്തിലെ പ്രവൃത്തികൾ പൂർത്തിയായെന്നും ഉദ്ഘാടന സജ്ജമാണെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. 

യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ വി.വി രമേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ലത, പി. രഘുനാഥ്, വി. പ്രകാശൻ, എൽ.എസ്.ജി.ഡി ജെ.ഡി ഇൻ ചാർജ് കെ.വി ഹരിദാസ്, ഡി.ഡി ടൂറിസം നസീബ് എം.എ, പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എഞ്ചിനീയർ രവി കുമാർ, കാഞ്ഞങ്ങാട് ടൗൺ പ്ലാനർ എസ്. നിധിൻ കുമാർ, ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ ജെ.കെ, നിർമ്മിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി രാജ്‌മോഹൻ, പഞ്ചായത്ത് സെക്രട്ടറിമാർ, നിർവ്വഹണ ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
 

Tags