കെ വത്സരാജ് സ്മാരക പുരസ്കാരം ഡോ. എസ് എസ് സന്തോഷ് കുമാറിന് സമർപ്പിച്ചു
കണ്ണൂർ: ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ വത്സരാജിന്റെ പേരിൽ കെ വത്സരാജ് സ്മാരക സമിതി ഏർപ്പെടുത്തിയ മികച്ച ആരോഗ്യ പ്രവർത്തകനുള്ള പുരസ്‌ക്കാരം പ്രോ:ഡോ. എസ് എസ് സന്തോഷ് കുമാറിന് നൽകി. കെ വത്സരാജിന്റെ 24ാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ പ്രദീപൻ പുരസ്‌കാരം സമർപ്പിച്ചു. സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റുകളെ ഇന്ത്യയിൽ ഇനി ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ സമ്മതിക്കില്ലെന്ന മുദ്രാവാക്യമാണ് ഇപ്പോൾ ഓരോ ജനമനസിലും ഉയരുന്നതെന്ന് സി പി മുരളി പറഞ്ഞു.
സംഘപരിവാറിന്റെ ഫാസിസ്റ്റ് സമീപനത്തെ മുൻനിർത്തികൊണ്ടുള്ള മോദി ഭരണം ജനങ്ങൾ പുറന്തള്ളി കഴിഞ്ഞു.നീറ്റ് വിഷയത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെട്ടപ്പോഴും പ്രതിഷേധിച്ചപ്പോഴുമെല്ലാം കൂടെയുണ്ടെന്ന് പറഞ്ഞ് ആദ്യം മുന്നോട്ടത്തിയത് ഇടതുപക്ഷമാണ്. പിന്നീടാണ് ഇന്ന് കാണുന്ന പ്രക്ഷോഭ സമരങ്ങൾ ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നടക്കുമ്പോൾ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു.നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി അഴിമതിക്കാരുടെ കൈയ്യിൽ ആണെന്നതാണ് അടിസ്ഥാന പ്രശ്നം.
സമൂഹത്തോട് പ്രതിബദ്ധതയുള്ള ഫാർമസിസ്റ്റ് ആണ് താനെന്ന് പ്രവർത്തിച്ചയിടങ്ങളിലെല്ലാം വത്സരാജ് തെളിയിച്ചു. ജനസേവകൻ എന്നതിന്റെ യഥാർത്ഥ അർത്ഥം തന്റെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം നമ്മുക്ക് കാണിച്ചു തന്നു. വത്സരാജ് ഒന്നാന്തരം കമ്മ്യുണിസ്റ്റും പ്രഗത്ഭനായ ഒരു പോരാളിയും കൂടിയാണ്. മേഖലയിലെ പുതിയ പോരാട്ടങ്ങൾക്ക് അദ്ദേഹത്തിന്റെ സ്മരണ ആവേശം പകരുമെന്നും സി പി മുരളി പറഞ്ഞു. എ പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. വത്സരാജ് സ്മാരകസമിതി ചെയർമാൻ സി ടി ഷൈജു അധ്യക്ഷനായി. പുരസ്കാര ജേതാവിനെ കെ സി അജിത്ത് കുമാർ പരിചയപ്പെടുത്തി. പ്രതിസ്പന്ദനം അനുഭവങ്ങളുടെ പങ്കുവെയ്പ്പ് എന്ന വിഷയത്തിൽ ഡോ എസ് എസ് സന്തോഷ് കുമാർ സംസാരിച്ചു. കൊറ്റിയത്ത് സദാനന്ദൻ, രവീന്ദ്രൻ മാണിയാട്ട്, റോയി ജോസഫ് എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. സ്മാരകസമിതി കൺവീനർ കെ ടി റഷീദ് സ്വാഗതവും ബീന കൊരട്ടി നന്ദിയും പറഞ്ഞു.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഓർത്തോപീഡിക്സ് ആന്റ് എമർജൻസി മെഡിസിൻ വിഭാഗം തലവനും പ്രൊഫസ്സറായ സന്തോഷ് കുമാർ ഐക്യരാഷ്ട്ര സഭയുടെ ഗാസയിലെയും ഉക്രൈനിലെയും എമർജൻസി മെഡിക്കൽ ടീമിന്റെയും ഡയറക്ടറായി പ്രവർത്തിക്കുകയും യുദ്ധമുഖങ്ങളിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
.jpg)

