സാംസ്കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്താനുള്ള കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന് സമാപനം

InternationalSpiceRoute

കൊച്ചി: നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിൻറെയും സാംസ്കാരിക വിനിമയത്തിൻറെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾക്കും പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തിനും സാക്ഷ്യം വഹിച്ച് പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന് സമാപനം.
 
പ്രശസ്തമായ ആഗോള വ്യാപാര ഇടനാഴിയുടെ പരിധിയിൽ വരുന്ന രാജ്യങ്ങൾക്കിടയിൽ സാംസ്കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച ത്രിദിന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്.

tRootC1469263">

രാജ്യങ്ങൾക്കിടയിൽ ചരിത്രം, സംസ്കാരം, സർഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇൻറർനാഷണൽ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വർക്കിന് സമ്മേളനത്തിൽ കേരളം തുടക്കം കുറിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വർക്ക് പ്രഖ്യാപിച്ചത്.രാജ്യങ്ങൾക്കിടയിൽ ചരിത്രം, സംസ്കാരം, സർഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണ വേദിയായി ഇൻറർനാഷണൽ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വർക്കിനെ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ആഗോളതലത്തിൽ പ്രശംസ നേടിയ പൈതൃക ടൂറിസം വിപുലീകരിച്ച് കാസർഗോഡ് മുതൽ കൊല്ലം വരെ വ്യാപിച്ചുകിടക്കുന്ന 33 സ്പൈസ് യാത്രാ പാതകളുടെ അവതരണത്തിനും സമ്മേളനം വേദിയായി. യാത്രികരെ സംസ്ഥാനത്തിൻറെ സമ്പന്നമായ ചരിത്രത്തിലൂടെയും സംസ്കാരത്തിലൂടെയും കൊണ്ടുപോകുന്നതിനായിട്ടാണ് സ്പൈസ് യാത്രാ പാത വികസിപ്പിച്ചത്.

മുസിരിസ് കേന്ദ്രമാക്കി കേരളത്തിലെ പൈതൃക ടൂറിസത്തിനും അക്കാദമിക് സഹകരണ പരിപാടികൾക്കും സമ്മേളനത്തിലെ സംഭാഷണങ്ങൾ ഊന്നൽ നൽകിയിട്ടുണ്ടെന്ന് മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷാരോൺ വി പറഞ്ഞു. ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിന് സമ്മേളനത്തിൽ പങ്കെടുത്ത അക്കാദമിക-പണ്ഡിത പ്രതിനിധികൾ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചർച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്കാരിക വേദിയായി വിഭാവനം ചെയ്ത സമ്മേളനം അക്കാദമിഷ്യൻമാർ, ചരിത്രകാരൻമാർ, പുരാവസ്തു ഗവേഷകർ, നയരൂപകർത്താക്കൾ, ടൂറിസം പങ്കാളികൾ, സാംസ്കാരിക പരിശീലകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു. 22 രാജ്യങ്ങളിൽ നിന്നായി 1000-ത്തിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. വ്യത്യസ്ത മേഖലകളിൽ നിന്നായി 55-ലധികം പ്രഭാഷകർ വിവിധ സെഷനുകളുടെ ഭാഗമായി.സമാപന ദിവസം 'മുസിരിസ് മേഖലയിലെ വിജ്ഞാന പാരമ്പര്യങ്ങൾ' എന്ന വിഷയത്തിൽ നടന്ന സെഷനിൽ സൂറിച്ച് ഇടിഎച്ചിലെ ഡോ. അരുൺ അശോകൻ മലബാറിലെ മരത്തടി കണക്കുകൂട്ടലിലെ ആധുനിക ഗണിതശാസ്ത്ര പരിജ്ഞാനത്തെയും ചരിത്രപരമായ രൂപീകരണത്തെയും കുറിച്ച് വിശദീകരിച്ചു.

വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ച സൂറിച്ച് ഇടിഎച്ചിലെ പ്രൊഫ. റോയ് വാഗ്നർ പുരാതന കാലത്തെ ഗണിതശാസ്ത്രവും അതിൻറെ പ്രയോഗവും തമ്മിലുള്ള വിടവിനെക്കുറിച്ച് വിശദീകരിച്ചു.തഞ്ചാവൂരിലെ തമിഴ് സർവകലാശാലയിലെ ഡോ. സെൽവകുമാർ, പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സെന്തിൽ ബാബു എന്നിവരും പങ്കെടുത്തു.

അന്തർദേശീയ പൈതൃക ഇടനാഴികൾ നിയന്ത്രിക്കുകയും നിലനിർത്തുകയും ചെയ്യുക, പൈതൃക ടൂറിസവും സുസ്ഥിരതയും, ടൂറിസത്തിനായി സുഗന്ധവ്യഞ്ജന പാതകളുടെ പുനർവിഭാവനം, ഡിജിറ്റൽ സ്പൈസ് റൂട്ട്സ്, മുസിരിസ് പുനർവിഭാവനം, മേഖലയിലെ വിജ്ഞാന പാരമ്പര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകൾ നടന്നു.

സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൈതൃക എക്സ്പോ കേരളത്തിൻറെ ആകർഷകമായ ചരിത്രത്തിലേക്കും സാംസ്കാരിക വൈവിധ്യത്തിലേക്കുമുള്ള ഉൾക്കാഴ്ച സന്ദർശകർക്ക് പകർന്നുനൽകി.പൈതൃക സംരക്ഷണത്തിലും അനുബന്ധ മേഖലകളിലും പങ്കാളിത്ത അക്കാദമിക് പരിപാടികൾ, ഗവേഷണം, ഔട്ട്റീച്ച് പരിപാടികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി സർവകലാശാലയും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.സമ്മേളനത്തിലെ പ്രതിനിധികൾക്കും അതിഥികൾക്കുമായി മുസിരിസ് പൈതൃക പ്രദേശങ്ങളിലേക്കുള്ള യാത്രയും സംഘടിപ്പിച്ചു.

Tags