കാസർ​ഗോട് ബോട്ടില്‍ ബൂത്തുകളുടെ പരിപാലനത്തില്‍ ഹരിതകര്‍മസേന സജീവം

 BOTTLE BOOTH

കാസർ​ഗോട് : പൊതുസ്ഥലങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമായി ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ബോട്ടില്‍ ബൂത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം. പഞ്ചായത്തിലെ 18 ബോട്ടില്‍ ബൂത്തുകളിലൂടെയാണ് പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണവും തുടര്‍സംസ്‌കരണവും നടത്തുന്നത്. 

ഹരിതകര്‍മസേനയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 34 ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ബോട്ടില്‍ ബൂത്തുകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്ത് അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ബൂത്തുകളും പരിസരവും വൃത്തിയാക്കുകയും ചെയ്യുന്നു. കുപ്പികളില്‍ അവശേഷിക്കുന്ന ദ്രാവകങ്ങള്‍ കാരണമുള്ള ദുര്‍ഗന്ധം, ഈച്ചശല്യം എന്നിവ ഒഴിവാക്കുന്നതിനും ആവശ്യമായ ശുചീകരണ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

എല്ലാ മാസവും ഒന്നാം തീയതി മുതല്‍ 15 വരെ മാലിന്യ ശേഖരണം നടത്തും. തുടര്‍ന്ന് 17ാം തീയതിയോടെ അവലോകന യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ബോട്ടില്‍ ബൂത്തുകള്‍ക്ക് പുറമെ പഞ്ചായത്തില്‍ ഒരു എം.സി.എഫും 88 മിനി എം.സി.എഫുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലൂടെയും വിവിധ മേഖലകളില്‍ നിന്നുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണത്തിനായി കൈമാറുന്നു.

പൊതുജനങ്ങള്‍ പ്ലാസ്റ്റിക് കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയാതെ ബോട്ടില്‍ ബൂത്തുകളില്‍ മാത്രം നിക്ഷേപിക്കണമെന്നും മറ്റ് മാലിന്യങ്ങള്‍ ബൂത്തുകളില്‍ ഇടുന്നത് ഒഴിവാക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ഥിച്ചു. ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags