കത്തിലെ അക്ഷരങ്ങൾക്ക് കനിവിന്റെ 'ഗോൾ': അനശ്വരയുടെ ഹോക്കി സ്വപ്നങ്ങൾക്ക് ചിറകു നൽകി കാസർ​ഗോട് ജില്ലാ കളക്ടർ

AnaswaraRatheesh

കാസർ​ഗോട് : ജീവിതസ്വപ്നങ്ങളും ആ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലെ തടസങ്ങളും വെള്ളപേപ്പറിൽ അക്ഷരങ്ങളായി കുറിക്കുമ്പോൾ ജി വി രാജ സ്പോർട്സ് സ്‌കൂളിലെ വിദ്യാർഥിനി പതിനഞ്ചുകാരി അനശ്വര രതീഷിന്റെ മനസ്സിൽ ചോദ്യങ്ങൾ പലതായിരുന്നു. തന്റെ കത്ത് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കാണുമോ? എങ്കിലും അവൾ എഴുതി, 'ഹോക്കി പ്ലേയറായ എന്നെ ടൂൾകിറ്റ് വാങ്ങാൻ സഹായിക്കാമോ,' അങ്ങനെ തന്റെ പ്രശ്നങ്ങളും കുടുംബത്തിന്റെ ബുദ്ധിമുട്ടുകളുമായി നീണ്ടു പോകുന്നു ആ കത്ത്. കത്ത് ശ്രദ്ധയിൽ വന്നയുടൻ ജില്ലാ കളക്ടർ എസ്.ബി.ഐ കളക്ടറേറ്റ് ബ്രാഞ്ച് റീജ്യണൽ മാനേജർ പി.സുജീഷിനെ വിവരം അറിയിക്കുകയും കുട്ടിയെ സഹായിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

കത്ത് പോസ്റ്റ് ചെയ്ത് രണ്ടാം ദിവസം എല്ലാ സംശയങ്ങളെയും കാറ്റിൽ പറത്തികൊണ്ട് അനശ്വരയുടെ ജീവിതസ്വപ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ആ ടെലിഫോൺ വിളി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നിന്ന്  അവളെ തേടിയെത്തി. ഫോൺ കോൾ എത്തിയപ്പോൾ വലിയ അത്ഭുതമായിരുന്നു തനിക്ക് ആദ്യം തോന്നിയത്. നാലാം ദിവസം പുതിയൊരു സ്പോർട്സ് കിറ്റ് വാങ്ങുന്നതിനായി കത്തിലൂടെ ആവശ്യപ്പെട്ട 43000 രൂപയും അവളുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തി. തന്റെ കത്തിന് ഇത്ര വേഗത്തിൽ മറുപടി ലഭിച്ചതും തന്റെ ആവശ്യങ്ങൾ ഇത്ര വേഗം പരിഗണിക്കപ്പെട്ടതും ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നും അനശ്വര പറഞ്ഞു.

വെസ്റ്റ് എളേരി  ഗ്രാമപഞ്ചായത്തിലെ  കുന്നുംകൈ കമ്മാടം സ്വദേശിനിയാണ് അനശ്വര രതീഷ് ചെറുപ്പത്തിൽ തന്നെ കായിക മേഖലയിൽ ഏറെ താല്പര്യമുള്ളവൾ. കുന്നുംകൈ മണ്ഡപം സ്‌കൂളിൽ പഠിക്കുമ്പോഴാണ് അദ്ധ്യാപകരായ ജയൻ, ഗിരീഷ് എന്നിവർ കുട്ടിയുടെ കഴിവിനെ തിരിച്ചറിയുന്നത്. അവരുടെ പ്രോത്സാഹനഫലമായാണ് ജി.വി രാജ സ്പോർട്സ് സ്‌കൂളിലേക്ക് എട്ടാം ക്ലാസ്സിലേക്കുള്ള അഡ്മിഷനായി അപേക്ഷിക്കുന്നതും പ്രവേശനം ലഭിക്കുന്നതും.

അടുത്ത അധ്യയന വർഷം പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അനശ്വര. ഇതിനോടകം തന്നെ രണ്ട് ദേശീയ മത്സരങ്ങളിലും നാല് സംസ്ഥാന മത്സരങ്ങളിലും ഹോക്കി ഗോൾ കീപ്പറായി പാഡണിഞ്ഞു കഴിഞ്ഞു. എന്നാൽ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത് സീനിയർ താരങ്ങളുടെ കിറ്റ് കടം വാങ്ങിയായിരുന്നു. ഒരു ഗോൾ കീപ്പർക്ക് ഏറ്റവും സുരക്ഷിതമായ സ്വന്തം കിറ്റ് വേണമെന്നിരിക്കെ,  അത് ഇല്ലാത്തതിനാൽ ഒരു ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം പോലും അനശ്വരയ്ക്ക് നഷ്ടമായി. കളിക്കളത്തിൽ ഗോൾ പോസ്റ്റിന് മുന്നിൽ കോട്ട കെട്ടുന്ന ധൈര്യമുണ്ടെങ്കിലും ജീവിത സാഹചര്യങ്ങൾക്ക് മുന്നിൽ പകച്ചുനിൽക്കുകയായിരുന്നു ഈ കൊച്ചുമിടുക്കി. അതേ തുടർന്നാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് കത്ത് അയക്കുന്നതും ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ കിറ്റിനായി ആവശ്യപ്പെട്ട 43000 രൂപ അനശ്വരയ്ക്ക് ലഭിക്കുന്നതും.

പുതിയ കിറ്റ് ഉടൻ സ്വന്തമാകുമെന്ന സന്തോഷം പങ്കുവെക്കാൻ അനശ്വര കുടുംബത്തോടൊപ്പം ജില്ലാ കളക്ടറെ നേരിൽ കാണാനെത്തി.''നാടിന്റെ അഭിമാനമായി വളരണം''  മധുരം നൽകി ജില്ലാ കളക്ടർ അനശ്വരയെയും അനുജത്തിയെയും ആശംസകൾ അറിയിച്ചു. ഒരു പെൺകുട്ടിയുടെ ഹോക്കി സ്വപ്നങ്ങൾക്ക് ചിറകായി മാറിയ കളക്ടറുടെ ഈ ഇടപെടൽ, കരുതലും കരുണയും ചേർന്ന ഭരണത്തിന്റെ മനോഹരമായ ഉദാഹരണമായി മാറുകയാണ്.

Tags