വന്യമൃഗ ശല്യം സോളാർ വേലി ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്നതിൽ ജില്ലാ മുന്നിൽ; വനം വകുപ്പ് മന്ത്രി
കാസർഗോഡ് :വന്യജീവി സംഘർഷ ലഘുകരണത്തിനായി നിലവിൽ ജില്ലയിൽ സ്വീകരിച്ചു വരുന്ന ഫലപ്രദമായ പദ്ധതികളെ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അഭിനന്ദിച്ചു. ഈ വർഷത്തോടെ സമ്പൂർണ്ണ സോളാർ വേലികളാൽ സംരക്ഷിത ജില്ലയാക്കി കാസർകോടിനെ ഉയർത്താനാവുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന മനുഷ്യ, വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട നിയന്ത്രണ സമിതി ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
tRootC1469263">സ്വകാര്യ ഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനാവശ്യമായ നടപടികൾ ഊർജ്ജിതമായി ജില്ലയിൽ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രശ്‌നബാധിത പഞ്ചായത്തുകളുടെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരുടെ അടിയന്തര യോഗം വിളിച്ചുകൂട്ടണമെന്ന് നിർദ്ദേശിച്ചു. ജില്ലയിൽ വനങ്ങളിലൂടെ കടന്നു പോകുന്ന റോഡുകളിൽ വന്യജീവികൾ വാഹനങ്ങളിൽ ഇടിച്ചും മറ്റുമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകളുമായി സഹകരിച്ച് പ്രായോഗിക നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും മനുഷ്യവാസ മേഖലകളിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി താത്കാലികമായി പാർപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പനത്തടി, ബളാൽ, ഈസ്റ്റ് എളേരി എന്നിവിടങ്ങളിൽ നിർമ്മാണത്തിലിരിക്കുന്ന സോളാർ തൂക്കുവേലിയുടെ പരിചരണത്തിന് ഈസ്റ്റ് എളേരി പഞ്ചായത്തിൽ നിന്നും ഒരു ലക്ഷത്തി എൺപതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് വന്യജീവികൾ എത്താൻ സാധ്യതയുള്ളതിനാൽ മാലിന്യനിർമാർജനത്തിനും തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശിച്ചു.
ആളുകൾ രാവിലെ നടത്തത്തിനിറങ്ങുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന വേണമെന്ന് മന്ത്രി നിർദേശിച്ചു. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട്2025 മെയ് വരെയുള്ള അപേക്ഷകളിൽ തുക നൽകിയിട്ടുണ്ട്. ബാക്കിയുള്ളവ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് നൽകുമെന്ന് യോഗത്തിൽ ഡി.എഫ്.ഒ അറിയിച്ചു. ചെറുവത്തൂർ പഞ്ചായത്തിലെ കുളങ്ങാട്ടുമലഫോറസ്റ്റ് മേഖലയിൽ മല ഇടിയുന്നതിനാൽ അക്കേഷ്യ മരങ്ങൾ നീക്കം ചെയ്യുന്നതിന് ദുരന്തനിവാരണ നിയമത്തിൽ പെടുത്തി റിപ്പോർട്ട് നൽകാൻ ഡി.എഫ്.ഒയെ യോഗം ചുമതലപ്പെടുത്തി.
യോഗത്തിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു എന്നിവർ സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.വി ബിന്ദു, തദ്ദേശ സ്വയംഭരണം, പോലീസ്, ട്രൈബൽ ഡവലപ്‌മെന്റ് തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
.jpg)


