മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഫുട്‌ബോൾ അത് ലറ്റിക്‌സ് കായിക പരിശീലകരെ നിയമിക്കും
കാസർഗോട് : ജില്ലയിലെ പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെ (മാതൃക സഹവാസ വിദ്യാലയങ്ങൾ) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്നു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷാഫലങ്ങളും സ്‌കൂളുകളിലെ വരവുചെലവ് കണക്കുകളും വിവിധ യോഗങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന നടപടികളും വിലയിരുത്തി. ജില്ലയിലെ വിവിധ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അത്ലറ്റിക്‌സ്, ഫുട്‌ബോൾ ഇനങ്ങളിൽ കായിക പരിശീലകരെ നിയമിക്കാൻ യോഗം അനുമതി നൽകി. എം.ആർ.എസിന് കീഴിലുള്ള ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കുട്ടികളെ ഒരു ദിവസത്തേക്ക് വിനോദയാത്രയ്ക്ക് കൊണ്ടുപോകാൻ കളക്ടർ നിർദ്ദേശിച്ചു. കായിക പരിശീലനത്തിനുള്ള സാമഗ്രികൾ ബ്രാൻഡഡ് തന്നെ വേണമെന്ന ഉപാധിയോടെ ക്വട്ടേഷൻ ക്ഷണിക്കാൻ കളക്ടർ നിർദ്ദേശിച്ചു.
ആർച്ചറി പോലുള്ള കായിക ഇനത്തിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകാനും കളക്ടർ നിർദ്ദേശിച്ചു. കുണ്ടംകുഴി സാവിത്രി ഭായി ഫുലെ സ്‌കൂളിന്റെ പ്രവർത്തനം സെപ്റ്റംബർ 15നകം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു. എല്ലാ എം.ആർ.എസുകളിലും മെഡിക്കൽ ക്യാമ്പുകളിൽ സംഘടിപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സാവിത്രി ഭായ് ഫുലെ സ്‌കൂൾ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിൽ ആക്കാനും കളക്ടർ പി.ഡബ്ല്യു.ഡിക്ക് നിർദ്ദേശം നൽകി. കാസർകോട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ കെ.മധുസൂദനൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.മനോഹരൻ, ജില്ലാ പ്ലാനിങ് ഓഫീസർ ബി.എം അനിൽകുമാർ, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ്, വിദ്യാഭ്യാസ, ആരോഗ്യ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികളും എം.ആർ.എസ് പി.ടി.എ പ്രതിനിധികളും പങ്കെടുത്തു.
.jpg)

