വെള്ളപ്പൊക്കത്തിനുശേഷം വീടുകളിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

flood

കാസർ​ഗോട് : വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴുകി വൃത്തിയാക്കുക.വൃത്തിയാക്കിയ വീടുകളിലും സ്ഥാപനങ്ങളിലും ബ്ലീച്ചിംഗ് പൗഡർ കലക്കിയ ലായനി തളിച്ച് അണുനശീകരണം നടത്തുക. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകാക്ക, കുമ്മായം എന്നിവ ഉപയോഗിക്കുക. കക്കൂസ് മാലിന്യങ്ങളാൽ മലിനപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുക. വെള്ളപ്പൊക്കമൂലം മലിനപ്പെട്ട കിണറുകൾ, ടാങ്കുകൾ, കുടിവെള്ളസ്രോതസ്സുകൾ എന്നിവ അണുവിമുക്തമാക്കുക. മലിനജലവുമായി സമ്പർക്കത്തിലാകുന്നവർ വ്യക്തിഗത സുരക്ഷാ ഉപാധികൾ സ്വീകരിക്കേണ്ടതും എലിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിക്കേണ്ടതുമാണ്.
 
വെള്ളപ്പൊക്കത്തെത്തുടർന്ന്അടച്ചിട്ടിരിക്കുന്ന വീടുകൾ, അംഗൻവാടികൾ, സ്കൂളുകൾ, റേഷൻകടകൾ തുടങ്ങി മറ്റു ക്ഷേമസങ്കേത കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന അസംസ്കൃത ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്. അടഞ്ഞുകിടക്കുന്ന മുറികളിൽ വായുമലിനീകരണം സംഭവിക്കാനിടയുള്ളതിനാൽ ഉപയോഗിക്കുന്നതിന് മുൻപ് ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരയോഗ്യമാക്കുക.വീടുകളിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളും മറ്റും ഇലക്ട്രീഷ്യനെക്കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം ഉപയോഗിക്കേണ്ടതാണ്. ഭക്ഷണപാനീയങ്ങൾ സംഭരിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കുന്ന സാധന സാമഗ്രികൾ ശുദ്ധമാക്കുന്നതിന് ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം ഉപയോഗിക്കുക.കൈകാലുകൾ കഴുകുന്നതിനും മറ്റും ക്ലോറിനേറ്റ് ചെയ്ത ജലം മാത്രം ഉപയോഗിക്കുക. ഭക്ഷണപാനീയങ്ങൾ അടച്ച് സൂക്ഷിക്കുക.കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് പെരുകുവാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.

 വീടിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ചെരുപ്പ് ഉപയോഗിക്കുകയും പാദങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക.
 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായുവും മൂക്കും മറച്ചു പിടിക്കുക. പനിയോ മറ്റു രോഗലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ ചികിത്സയ്ക്ക് വിധേയരാകുക.ശുചീകരണപ്രവർത്തനങ്ങൾ നടത്തുമ്പോൾ വിഷപ്പാമ്പുകളുടെ സാന്നിധ്യമുണ്ടാകാനിടയുള്ളതിനാൽ മുൻകരുതലുകൾ എടുക്കേണ്ടതും കടിയേറ്റാൽ വൈദ്യസഹായം തേടേണ്ടതുമാണ്. ബ്ലീച്ചിംഗ് പൗഡർ, ക്ലോറിൻ ഗുളികകൾ എന്നിവയുടെ ഉപയോഗക്രമത്തിൽ ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.കൊതുക്, കുത്താടി എന്നിവയുടെ വ്യാപനം ശ്രദ്ധയിൽപ്പെട്ടാൽ ആയതു അതാതു പ്രാഥമിക കേന്ദ്രങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരെ അറിയിക്കേണ്ടതാണ്.പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവയ്ക്ക് തുടർച്ചയായി മരുന്നുപയോഗിക്കുന്നവർ മുടങ്ങാതെ മരുന്നുകഴിക്കാൻ ശ്രദ്ധിക്കേണ്ടതാനെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) അറിയിച്ചു.

Tags