യുവപങ്കാളിത്തം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് ബോധവത്കരണം; കാസർ​ഗോട് ജില്ലാ തല മത്സരങ്ങൾ സംഘടിപ്പിച്ചു

kasrkodelection

കാസർ​ഗോട് :  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിന്റെയും സ്വീപ്  (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ന്റെയും ആഭിമുഖ്യത്തിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ സഹകരണത്തോടെ യുവ വോട്ടർമാർക്കായി ജില്ലാ തല ക്വിസ്, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിച്ചു.

കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ശ്രീധന്യ സുരേഷ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി. ഉദയകുമാർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഇലക്ഷൻ മാസ്റ്റർ ട്രെയിനർ സി.പി സുജിത്ത് ക്വിസ് മത്സരം നിയന്ത്രിച്ചു.

നിയോജകമണ്ഡല അടിസ്ഥാനത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടിയ 22 ടീമുകളാണ് ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ മാറ്റുരച്ചത്. കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ എ.ആരതി, ടി.വി.അഭിനവ് എന്നിവർ ഒന്നാം സ്ഥാനം നേടി. ചട്ടഞ്ചാൽ എച്ച്.എസ്.എസിലെ പി.കെ.അദ്വൈത്, എ.എം.യദുദേവ് എന്നിവർ രണ്ടാം സ്ഥാനവും കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ എം.അഭിരാജ്, പി. ശിവശ്രീ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തുടർന്ന് ഉപന്യാസ മത്സരം സംഘടിപ്പിച്ചു. നിയോജക മണ്ഡല അടിസ്ഥാനത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടിയ 21 വിദ്യാർത്ഥികളാണ് ജില്ലാ തലത്തിൽ മത്സരിച്ചത്. 'തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കാൻ സ്വീകരിക്കേണ്ട നടപടികൾ' എന്ന വിഷയത്തിലായിരുന്നു മത്സരം. വിജയികൾക്ക് 2027 ജനുവരി 25ന് നടക്കുന്ന ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) കെ.അജേഷ് അറിയിച്ചു.  ഉദുമ, തൃക്കരിപ്പൂർ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരായ ബി.സി.ബിജേഷ്, എസ്.ശ്രീജിത്ത്, ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് എ.രാജീവൻ, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചീഫ് ഇലക്ടറൽ ഓഫീസർ നിർദേശിച്ച 'ക്യാമ്പസ് ടു ബൂത്ത്' പരിപാടിയുടെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

Tags