കാസർകോട് അഞ്ച് നിയോജക മണ്ഡലങ്ങളിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് : ജില്ലയിലെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെയും കരട് വോട്ടർ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രസിദ്ധീകരിച്ചു. മഞ്ചേശ്വരം, കാസർകോട് , ഉദുമ , കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.കരട് വോട്ടർ പട്ടിക ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിയോജക മണ്ഡലങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർമാർക്ക് കൈമാറി. വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികൾക്ക് ഇ ആർ ഒ കരട് വോട്ടർപട്ടിക ലഭ്യമാക്കും. അവകാശവാദങ്ങളും എതിർപ്പുകളും ഇന്ന് മുതൽ ഡിസംബർ 11 വരെ സ്വീകരിക്കും. ഡിസംബർ 28 ന് തീർപ്പാക്കും. 2027 ജനുവരി നാലിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെ 11,12,316 വോട്ടർമാരാണ് കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.ഇതിൽ 5,49,034 പേർ പുരുഷന്മാരും 5,63,272പേർ സ്ത്രീകളും 10 പേർ ട്രാൻസ്ജെൻഡർമാരുമാണ്.ഇതിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 2,32,256 വോട്ടർമാരാണുള്ളത്. ഇതിൽ 1,16,901 പുരുഷന്മാരും 1,15,355 സ്ത്രീകളുമുണ്ട്.
കാസർഗോഡ് മണ്ഡലത്തിൽ ആകെ 2,12,456 വോട്ടർമാരാണുള്ളത്. 1,06,354 പുരുഷന്മാരും 1,06,102 സ്ത്രീകളും പട്ടികയിലുണ്ട്.ഉദുമ മണ്ഡലത്തിൽ 2,30,156 വോട്ടർമാരാണുള്ളത്. 1,13,039 പുരുഷന്മാരും 1,17,115 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡർ വോട്ടർമാരും പട്ടികയിലുണ്ട്.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ആകെ 2,25,875 വോട്ടർമാരാണുള്ളത്. ഇതിൽ 1,09,936 പുരുഷന്മാരും 1,15,933 സ്ത്രീകളും ആറ് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.തൃക്കരിപ്പൂർ മണ്ഡലത്തിൽ ആകെ 2,11,573 വോട്ടർമാരാണുള്ളത്. ഇതിൽ 1,02,804 പുരുഷന്മാരും 1,08,767 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.
ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കരട് വോട്ടർ പട്ടിക അഞ്ച് നിയോജകമണ്ഡലങ്ങളിലെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ഏറ്റുവാങ്ങി.ജില്ലാ കളക്ടർ ശ്രീധന്യ സുരേഷിൽ നിന്ന് എ ഡി എം പി. ഉദയകുമാർ മഞ്ചേശ്വരം മണ്ഡലത്തിൻ്റെ കരട് വോട്ടർപട്ടിക സ്വീകരിച്ചു തൃക്കരിപ്പൂർ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസറായ ഡെപ്യൂട്ടി കളക്ടർ (R R) എസ്.ശ്രീജിത്ത്, മഞ്ചേശ്വരം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസറായ ഡെപ്യൂട്ടി കളക്ടർ (L R)പി.വി മുരളി , ഉദുമ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസറായ ഡെപ്യൂട്ടി കളക്ടർ (L R) ബി.സി ബിജേഷ് , കാഞ്ഞങ്ങാട് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസറായ ആർ.ഡി.ഒ പി.സുധീപ്, കാസർഗോഡ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസറായ ആർ.ഡി.ഒ എം.എസ് വിജുകുമാർ എന്നിവർക്ക് കരട് വോട്ടർ പട്ടിക ജില്ലാ കളക്ടർ കൈമാറി. ചടങ്ങിൽ ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ കെ അജേഷ് ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് എം രാജീവൻ ആർഡിഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് ജിജിമോൾ എന്നിവർ പങ്കെടുത്തു.
.jpg)

