കാസര്‍കോട് വ്യവസായ എസ്റ്റേറ്റുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ജില്ലാ തല യോഗം ചേര്‍ന്നു

District level meeting held for infrastructure development of Kasaragod industrial estates
District level meeting held for infrastructure development of Kasaragod industrial estates

കാസര്‍കോട് : നമ്മുടെ കാസര്‍കോട് പരിപാടിയുടെ ഭാഗമായി ജില്ലയിലെ വ്യവസായ എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് മൈനര്‍ ഇറിഗേഷന്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ മുഖാമുഖം പരിപാടിയില്‍ ജില്ലാ കളക്ടര്‍  കെ.ഇമ്പശേഖറുമായി  സംവദിച്ചു.  വ്യവസായ എസ്റ്റേറ്റിലേക്കുള്ള ജല ലഭ്യത ഉറപ്പാക്കുന്നതിന് സമീപ ജലസ്രോതസ്സില്‍ ചെക്ക് ഡാം നിര്‍മ്മിക്കാന്‍ സാധ്യതകള്‍ പഠിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. അനന്തപുരം വ്യവസായ എസ്റ്റേറ്റിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നേടുന്നതിനായി അര്‍ദ്ധ ഔദ്യോഗിക കത്ത് തയ്യാറാക്കി നല്‍കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി.  

ചട്ടഞ്ചാല്‍ വ്യവസായ എസ്റ്റേറ്റിലെ വൈദ്യുത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കോവിഡ് കാലത്ത് സ്ഥാപിച്ച സ്‌പെഷ്യല്‍ ഫീഡര്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാമോ എന്ന് പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ചട്ടഞ്ചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫീഡര്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.  

മൈലാട്ടി-വിദ്യാനഗര്‍ 220/110 കെ.വി ലൈന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി. പണി നടക്കുമ്പോള്‍ പവര്‍ ഓഫ് ചെയ്യേണ്ട അവസ്ഥയുണ്ടെന്നും ഫൗണ്ടേഷന്‍ വര്‍ക്ക് 80% പൂര്‍ത്തിയായിട്ടുണ്ടെന്നും മഞ്ചേശ്വരം 110 കെ.വി സബ്‌സ്റ്റേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ യോഗത്തില്‍ വ്യക്തമാക്കി. കോണ്‍ട്രാക്ടറുമായി ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായും ഇതിനുള്ള പരിഹാരം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഇതോടൊപ്പം, പ്രവര്‍ത്തനത്തിന്റെ പുരോഗതി നിരീക്ഷിക്കാനും വീണ്ടുമൊരു വിലയിരുത്തലിന് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.  

അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ വൈദ്യുത ക്ഷാമം പരിഹരിക്കാനായി ബദിയടുക്ക-അനന്തപുരം സിംഗിള്‍ സര്‍ക്യൂട്ട് സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി എന്‍ജിനീയര്‍മാര്‍ യോഗത്തില്‍ ശുപാര്‍ശ നല്‍കി. ഈ പദ്ധതി വ്യവസായ വാണിജ്യ വകുപ്പിന്റെ ഡെപ്പോസിറ്റ് വര്‍ക്കായി സ്വീകരിച്ച് നിര്‍വഹിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. അതേസമയം, മടിക്കൈ-പുതുക്കൈ വ്യവസായ എസ്റ്റേറ്റിലേക്കുള്ള വൈദ്യുത വിതരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മാവുങ്കാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറോട് നിര്‍ദ്ദേശം നല്‍കി.  

ജില്ലയിലെ വ്യവസായ എസ്റ്റേറ്റുകളിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനായി അനന്തപുരം, മടിക്കൈ-പുതുക്കൈ വ്യവസായ എസ്റ്റേറ്റുകളില്‍ സംയുക്ത പരിശോധന നടത്തണമെന്നും ചെക്ക് ഡാം നിര്‍മ്മിക്കാനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.  വ്യവസായ എസ്റ്റേറ്റുകളുടെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നതിനായി വിവിധ വകുപ്പ് അധികൃതരും വ്യവസായ പ്രതിനിധികളും സംയുക്തമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ചര്‍ച്ചയാകുകയും വിവിധ നിര്‍ദേശങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു.

കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍, കാസര്‍കോട് ഡിവിഷന്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലാലി ജോര്‍ജ്ജ്, കെ.എസ്.ഇ.ബി കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആശ.ടി.പി, കെ.എസ്.ഇ.ബി മാവുങ്കാല്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.പ്രമോദ്, 110 കെ.വി കാഞ്ഞങ്ങാട് സബ്‌സ്റ്റേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മണികണ്ഠന്‍.കെ, 110 കെ.വി മഞ്ചേശ്വരം സബ് സ്റ്റേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അഖില്‍ കൃഷ്ണന്‍ എം.എസ്, 110 കെ.വി കാസര്‍ഗോഡ് സബ്‌സ്റ്റേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഭാസ്‌കരന്‍.എം, കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ചട്ടഞ്ചാല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കപില്‍ മോഹന്‍, കെ.എസ്.ഇ.ബി കാസര്‍ഗോഡ് പ്രതിനിധി സുരേഷ് കുമാര്‍ എസ്.ബി, കാസര്‍ഗോഡ് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നാഗരാജ ഭട്ട് കെ, മടിക്കൈ പുതുക്കൈ വ്യവസായ എസ്റ്റേറ്റ് വ്യവസായ പ്രതിനിധി കെ.കെ.ഇബ്രാഹിം, അനന്തപുരം ഇന്‍ഡസ്ട്രിയല്‍ വ്യവസായ പ്രതിനിധിഡെവലപ്‌മെന്റ് അസോസിയേഷന്‍ മനോജ്.കെ.ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags