കാസർഗോട് ജില്ല അക്വാട്ടിക് അക്കാദമിയുടെ നീന്തല്‍കുളം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് സന്ദര്‍ശിച്ചു
കാസർഗോട് : വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ കാസര്‍കോട് ജില്ല അക്വാട്ടിക് അക്കാദമിയുടെ നീന്തല്‍കുളം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് സന്ദര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് നിര്‍ദ്ദേശം നല്കി. കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയും സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചും അക്കാദമിയുടെ പരിസരം മനോഹരമാക്കിയും കൂടുതല്‍ നീന്തല്‍ പ്രേമികളെ ആകര്‍ഷിക്കാനാകുമെന്ന് കളക്ടര്‍ പറഞ്ഞു.
നിലവില്‍ നീന്തല്‍ പരിശീലനം നല്‍കുന്നുണ്ടെങ്കിലും പരിശീലനത്തിന് എത്തുന്നവര്‍ കുറവാണ് അതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി. കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു സന്ദര്‍ശനം. വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പ്രൊഫ. പി.രഘുനാഥ്, മുന്‍സിപ്പല്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമീന മുജീബ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കെ ഗണേശന് ജില്ല അക്വാട്ടിക് അസോസിയേഷന് സെക്രടറി എം ടി പി അഷറഫ് എന്നിവര്‍ കളക്ടറുടെ കൂടെയുണ്ടായിരുന്നു എച്ച് എ എല്ലിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച നീന്തല്‍കുളം ജില്ലാ ഭരണകൂടവും കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും കാസര്‍കോട് മുന്‍സിപാലിറ്റിയും ചേര്‍ന്ന സമിതിയാണ് സംരക്ഷിക്കുന്നത്.
.jpg)

