കാസർകോടിനെ അടുത്തറിയാൻ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം
കാസർഗോട് : കാസർകോട് ജില്ലയുടെ ചരിത്രവും സംസ്‌കാരവും ആഘോഷങ്ങളും തനത് കലാരൂപങ്ങളും ടൂറിസം കേന്ദ്രങ്ങളും രുചിക്കൂട്ടുകളുമെല്ലാം അടുത്തറിയാൻ അവസരമൊരുക്കുന്ന കാസർകോടിനെ അറിയാൻ (Know Your Kasaragod) ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ജില്ലയുടെ വൈവിധ്യങ്ങൾ രാജ്യാന്തര തലത്തിൽ പ്രചരിപ്പിക്കുകയും അതിലൂടെ ജില്ലക്ക് പുറത്തുള്ളവരെ കാസർകോടിന്റെ പ്രത്യേകതകൾ അടുത്തറിയാനും ആസ്വദിക്കാനും പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു ഇതിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം ജില്ലയുടെ ഏതെങ്കിലും പ്രത്യേകതകൾ മലയാളം, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പരിചയപ്പെടുത്തും. കാസർകോടിന്റെ പ്രത്യേകതകൾ പൊതുജനങ്ങൾക്ക് കമന്റിലൂടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിർദേശങ്ങൾ നൽകാനും അവസരമുണ്ടാകും.
ജി.ഐ ടാഗ് ലഭിച്ച ജില്ലയുടെ തനത് കൈത്തറി ഉൽപന്നമായ കാസർകോട് സാരി പരിചയപ്പെടുത്തി കളക്ടർ ശ്രീധന്യ സുരേഷ് ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ജില്ലാഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ ഡിടിപിസി , ഐ ആൻ്റ് പിആർഡി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
.jpg)

