ദൂരം തോറ്റു, നിശ്ചയദാർഢ്യം ജയിച്ചു; വീട്ടിലിരുന്ന് സിയ ചാലിച്ചത് അതിജീവനത്തിന്റെ നിറക്കൂട്ടുകൾ
കാസർകോട് : രോഗാവസ്ഥയ്ക്ക് മുന്നിൽ കലോത്സവമോഹങ്ങൾ തകരാനുവദിക്കാതെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് കാസർകോട് ജില്ലയിലെ കൊച്ചുമിടുക്കി സിയ ഫാത്തിമ. 'വാസ്‌കുലൈറ്റിസ്' എന്ന ഗുരുതരമായ രോഗാവസ്ഥയോട് പോരാടുന്ന സിയ തന്റെ വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ മത്സരത്തിൽ പങ്കെടുത്ത് നേടിയ എ ഗ്രേഡിന് അതിജീവനത്തിന്റെ തിളക്കം കൂടിയുണ്ട്.
tRootC1469263">പടന്നവി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സിയ ഫാത്തിമ. രോഗാവസ്ഥ കാരണം തൃശൂർ വരെ യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ഡോക്ടർമാരുടെ കർശന നിർദ്ദേശം സിയയുടെ കലോത്സവ സ്വപ്നങ്ങൾക്ക് മേൽ നിഴൽ വീഴ്ത്തി. എന്നാൽ, തളരാൻ മനസ്സില്ലാത്ത സിയയുടെ സന്ദേശം വിദ്യാഭ്യാസ മന്ത്രിയുടെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
സിയയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് ഓൺലൈനിലൂടെയാണ് മത്സരത്തിൽ പങ്കെടുക്കൽ സിയയ്ക്ക് സാധ്യമായത്. വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് തൃശ്ശൂർ സി.എം.എസ്.എച്ച്.എസ്.എസിലെ വേദി പതിനേഴിൽ നടന്ന അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സിയയ്ക്ക് ഓൺലൈനായി പങ്കെടുക്കാൻ അവസരമൊരുങ്ങി. തൃശ്ശൂരിലെ മത്സര വേദി 17 ൽ മത്സരം തുടങ്ങിയപ്പോൾ കിലോമീറ്ററുകൾക്കിപ്പുറം കാസർകോട് പടന്നയിലെ തന്റെ വീട്ടിലിരുന്ന് സിയ നിറക്കൂട്ടുകളാൽ വിസ്മയം തീർത്തു.
കൈറ്റിൻ്റെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന മത്സരത്തിൽ, തൃശ്ശൂരിലെ വേദിയിലിരുന്ന വിധികർത്താക്കൾ തത്സമയം സിയയുടെ പ്രകടനം നിരീക്ഷിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്തു. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെയുള്ള ഈ പത്താം ക്ലാസ്സുകാരിയുടെ പോരാട്ടം കലോത്സവ വേദിയിലെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രചോദനമായി. മത്സരത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ വളരെ
സന്തോഷമുണ്ടെന്ന് സിയ പറഞ്ഞു. അതിന് പ്രത്യേകം ഉത്തരവ് നൽകിയ വിദ്യാഭ്യാസ മന്ത്രിയോട് സിയ നന്ദി അറിയിച്ചു.
.jpg)


