നൂറ് രൂപയ്ക്ക് ഡയാലിസിസ് ; അജാനൂരിൽ വൃക്കരോഗികൾക്ക് ആശ്വാസമായി ഡയാലിസിസ് കേന്ദ്രം

  AJANUR DIALYSIS


കാസർ​ഗോട് :ഗ്രാമീണ മേഖലയിൽ വൃക്കരോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിൽ ശ്രദ്ധേയമായ ഇടപെടലുമായി അജാനൂർ ഗ്രാമപഞ്ചായത്തിന്റെ ഡയാലിസിസ് കേന്ദ്രം. അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കേന്ദ്രം പ്രാദേശികതലത്തിൽ തന്നെ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുന്നതിലൂടെ വൃക്കരോഗികൾക്ക് ആശ്വാസമാകുന്നു. ഗ്രാമപഞ്ചായത്ത് തലത്തിൽ സമഗ്ര സംവിധാനങ്ങളോടുകൂടിയ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ച ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടവും അജാനൂരിനുണ്ട്. ചിലവേറിയ ഡയാലിസിസ് സേവനം കേവലം 100 രൂപയ്ക്ക് രോഗികൾക്ക് ഇവിടെ ലഭിക്കും.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (HAL) കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ടിൽനിന്നുള്ള 1.10 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടും വിനിയോഗിച്ചാണ് കേന്ദ്രം സജ്ജമാക്കിയത്. ഡയാലിസിസിനാവശ്യമായ ഉപകരണങ്ങൾ പൂർണമായും സി.എസ്.ആർ ഫണ്ടിലൂടെയാണ് സമാഹരിച്ചത്. അജാനൂർ കടപ്പുറത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒരു ഭാഗം നവീകരിച്ചാണ് ഡയാലിസിസ് യൂണിറ്റ് ഒരുക്കിയത്. നിർമാണ പ്രവൃത്തികൾ നിർമിതി കേന്ദ്രമാണ് നിർവഹിച്ചത്. നവീകരണത്തിനായി ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചു.

എട്ട് ഡയാലിസിസ് കിടക്കകളാണ് കേന്ദ്രത്തിലുള്ളത്. ഇതിൽ ഏഴെണ്ണം പ്രവർത്തനസജ്ജമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ഒരു കിടക്ക മാറ്റിവെച്ചിട്ടുണ്ട്. നിലവിൽ നാല് രോഗികൾ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.  ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി 15 ലക്ഷം രൂപ ചെലവിൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും വൈദ്യുതി തടസ്സങ്ങൾ മറികടക്കുന്നതിനായി ജനറേറ്റർ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. രോഗികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ചികിത്സാ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും കേന്ദ്രത്തിലുണ്ട്. ഡയാലിസിസ് ജീവനക്കാരുടെ വേതനം, ഡയാലിസിസ് കിറ്റുകൾ, മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് 14 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന വൃക്കരോഗികൾക്ക് സ്വന്തം പ്രദേശത്തുതന്നെ ഡയാലിസിസ് സൗകര്യം ലഭ്യമാക്കാൻ കഴിയുന്നത് കേന്ദ്രത്തിന്റെ പ്രധാന നേട്ടമാണ്. യാത്രാക്ലേശം കുറയ്ക്കുന്നതിനും ചികിത്സ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഡയാലിസിസ് കേന്ദ്രത്തിലൂടെ കൂടുതൽ വൃക്കരോഗികൾക്ക് പ്രാദേശികതലത്തിൽ തന്നെ ഗുണമേന്മയുള്ള ചികിത്സാ സേവനം ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്. ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനം ഗ്രാമീണ ആരോഗ്യസേവനങ്ങൾ കൂടുതൽ ശക്തിപ്പെടുകയും വൃക്കരോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സ സ്വന്തം പ്രദേശത്ത് തന്നെ ലഭ്യമാകുകയും ചെയ്യുന്നുവെന്ന് അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി പറഞ്ഞു.
  

Tags