ഓണത്തിന് സ്വന്തം പൂക്കൾ: കാഞ്ഞങ്ങാട് നഗരസഭയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി
കാസർഗോട് :ഇത്തവണത്തെ ഓണാഘോഷത്തിന് നഗരസഭയിൽ തന്നെ പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. നഗരസഭാ ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും കൂട്ടായ്മയായ 'ഒപ്പരം' സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. ടൗൺ ഹാളിന് സമീപമുള്ള നെഹ്റു സ്മൃതി മണ്ഡപത്തിലെ (നെഹ്‌റു പാർക്ക്) ഒഴിഞ്ഞ സ്ഥലത്താണ് ചെണ്ടുമല്ലി തൈകൾ നട്ടത്.
ചെണ്ടുമല്ലി പൂവിന്റെ തൈ നട്ട് നഗരസഭാ ചെയർപേഴ്‌സൺ വി.വി രമേശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുന്നതിനായി കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതിയെന്നും വരും ദിവസങ്ങളിൽ നഗരസഭയിലെ മികച്ച ശുചിത്വ വാർഡിനും വീടിനും പുരസ്‌കാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ ലതാ ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ് സ്വാഗതവും, വാർഡ് കൗൺസിലർ പി.വി ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഫൗസിയ ഷെരീഫ്, കൗൺസിലർമാരായ സന്തോഷ് കുശാൽ നഗർ, രാജൻ അത്തിക്കോത്ത്, സെവൻസ്റ്റാർ അബ്ദുൾ റഹിമാൻ, മൊയ്തു പുഞ്ചാവി, സേതു കാഞ്ഞങ്ങാട്, എം.ബലരാജ്, 'ഒപ്പരം' കൂട്ടായ്മ പ്രസിഡന്റ് എൻ.വി ദിവാകരൻ, സെക്രട്ടറി രാകേഷ് നാരായണൻ, കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് തൈകൾ നട്ടു.
.jpg)

