ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാർ പ്രസുകളെ നവീകരിക്കാൻ 100 കോടി ചിലവാക്കി; മുഖ്യമന്ത്രി
കാസർഗോട് : ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവ് അച്ചടിരംഗത്ത് നൂതന മാറ്റങ്ങൾക്കിടയാക്കിയെന്നും ആധുനിക സാങ്കേതികവിദ്യ അച്ചടിരംഗത്തും ഉപയോഗിച്ച് സർക്കാർ പ്രസുകൾ നവീകരിക്കാൻ 100 കോടി രൂപ ചിലവാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അച്ചടി വകുപ്പിന് കീഴിലുള്ള കാസർകോട് ജില്ലയിലെ ഫാറം സ്റ്റോറിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വർഷത്തോടെ സർക്കാർ പ്രസ്സുകൾ ആധുനീകരിക്കാനുള്ള നടപടികൾ പൂർത്തിയാകും. ഫാറം സ്റ്റോറുമായി ബന്ധപ്പെട്ട പല ആവശ്യങ്ങൾക്കും ഇനി പൊതുജനത്തിനും ഉദ്യോഗസ്ഥർക്കും ഇതര ജില്ലയെ ആശ്രയിക്കേണ്ടതില്ലെന്നും സർക്കാർ പ്രസുകളുടെ അടച്ചുപൂട്ടൽ അല്ല സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ വില്പനയ്ക്ക് വെച്ച പല പൊതുമേഖലാ സ്ഥാപനങ്ങളും വാങ്ങിച്ച് നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ സർക്കാറിന് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം ഗവ:സെൻട്രൽ പ്രസ്സിലേയും മണ്ണന്തല ഗവ:പ്രസ്സിലേയും സി.ടി.പി മെഷീനിന്റ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ല പിന്നോട്ടല്ല മുന്നോട്ടാണ് എന്നതിന് തെളിവാണ് പുതിയ ഫാറം സ്റ്റോറിന്റെ ഉദ്ഘാടനമെന്ന് മന്ത്രി പറഞ്ഞു. അച്ചുനിരത്തി ദിവസങ്ങളെടുത്ത് അച്ചടിച്ചിരുന്ന കാലം മാറി, ഇന്ന് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ 30 മിനുറ്റ് കൊണ്ട് അച്ചടി സാധ്യമായി. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച അച്ചടി രംഗത്തെ പരിഷ്‌ക്കരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകിയതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
എൻ.എ നെല്ലിക്കുന്ന് എം.എൽ.എ വിശിഷ്ടാതിഥിയായി. ചടങ്ങിൽ കേരള സർവീസ് റൂൾസ് പുസ്തകം മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് കളക്ടറേറ്റ് ജീവനക്കാരി കെ.പി രൂപകലയും സേവന പുസ്തകം കളക്ടറേറ്റ് ജീവനക്കാരൻ അരുൺ തോമസും ഏറ്റുവാങ്ങി. ഗസറ്റ് വിഞാപനത്തിനുള്ള അപേക്ഷ അബ്ദുൾ അഷ്‌റഫിൽ നിന്ന് അച്ചടി വകുപ്പ് കൺട്രോളർ ഓഫ് ഫോംസ് വി.ആർ പ്രശാന്ത് കുമാർ ഏറ്റുവാങ്ങി.
എ.ഡി.എം പി.അഖിൽ, കൺട്രോളർ ഓഫ് ഫോംസ് വി.ആർ പ്രശാന്ത് കുമാർ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പർ വി.എ മുഹമ്മദ് ഹനീഫ, വിവിധ സർവീസ് സംഘടന പ്രതിനിധികളായ പി.വി സതീഷ് കുമാർ, വൈ.സന്തോഷ് കുമാർ, വി.ശോഭ, സുരേഷ് പെരിയങ്ങാനം, ഇ.വി രാജേഷ്, മധു കരിമ്പിൽ, കൊളത്തൂർ നാരായണൻ, കെ.എസ് ദിനേശ എന്നിവർ സംസാരിച്ചു. വിവിധ ട്രേഡ് യൂണിയൻ, സർവ്വീസ് സംഘടനാ പ്രതിനിധികളും കളക്ടറേറ്റ് ജീവനക്കാരും പങ്കെടുത്തു. ചടങ്ങിൽ ഗവൺമെന്റ് പ്രസുകളുടെ സൂപ്രണ്ട് ടി.വീരാൻ സ്വാഗതവും ജില്ലാ ഫാറം ഓഫീസർ കെ.വി ഷിനോദ് നന്ദിയും പറഞ്ഞു.
.jpg)

