മാറുന്ന സമൂഹത്തിൽ വയോജന കേന്ദ്രങ്ങളുടെ പ്രാധാന്യം വർധിക്കുന്നു; സി.എച്ച് കുഞ്ഞമ്പു എം.എൽ.എ

VAYOJANA KENDRAM
VAYOJANA KENDRAM


കാസർ​ഗോ‍ഡ് : വിദേശപഠനവും വിദേശ ജോലികളും ജീവിതത്തിന്റെ ഭാഗമായ ഈ കാലത്ത് വയോജന കേന്ദ്രങ്ങളുടെ ആവശ്യകത വളരെ വലുതാണെന്ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഇരിയണ്ണിയിൽ നിർമ്മിച്ച വയോജന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ഉന്നത വിദ്യാഭ്യാസത്തിനും ഉയർന്ന ജോലിക്കുമായി മക്കൾ വിദേശത്ത് പോകുമ്പോൾ പ്രായമായ അച്ഛനമ്മമാർക്ക് ഇത്തരം കേന്ദ്രങ്ങൾ പ്രയോജനകരമാകുമെന്നും ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരുപാട് പേർക്ക് ഒരുമിക്കാനും വിഷമങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവെച്ച് മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷ നേടാനും ഇത്തരം കേന്ദ്രങ്ങൾ സഹായകമാകുമെന്നും എം.എൽ.എ പറഞ്ഞു.

tRootC1469263">

1100 സ്‌ക്വയർ ഫീറ്റിൽ ഹാൾ, അടുക്കള, അഞ്ച് കട്ടിലുകൾ ഉള്ള ഒരു റൂം, എന്നിവയടങ്ങുന്നതാണ് ഇരിയണ്ണിയിലെ  വയോജന കേന്ദ്രം. 28 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. ആദ്യഘട്ടത്തിൽ പകൽ വീടുകൾ എന്ന നിലയിലായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം. ചടങ്ങിൽ മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി അധ്യക്ഷത വഹിച്ചു. കാറഡുക്ക അഡീഷണൽ സി.ഡി.പി.ഒ കെ.കെ ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.സവിത, മുൻ മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ഭവാനി, മുൻ മെമ്പർ നാരായണിക്കുട്ടി,  രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പ്രഭാകരൻ, അശോകൻ മാസ്റ്റർ, എംജി മണിയാണി, സി.രാമകൃഷ്ണൻ, ഗ്രന്ഥാലയം പ്രതിനിധി ടി.കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.കെ നാരായണൻ സ്വാഗതവും ജോയിൻ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ എൻ.എ മജീദ് നന്ദിയും പറഞ്ഞു.

Tags