അഴിത്തലയിൽ ഇനി ഹരിതവസന്തം; മാതൃകയായി നീലേശ്വരത്തെ ഹരിത ടൂറിസം കേന്ദ്രം
കാസർഗോട് : പ്രകൃതിഭംഗിയും പരിസ്ഥിതി ബോധവും കൈകോർക്കുന്ന കാസർകോടിന്റെ തീരഭൂമിയിൽ ഇനി 'ഹരിത വസന്തം'. നീലേശ്വരം നഗരസഭയിലെ അഴിത്തല കടലോരഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതോടെ ജില്ലയുടെ വിനോദസഞ്ചാര മേഖലയിൽ പുതിയൊരു അധ്യായം കുറിക്കപ്പെടുകയാണ്. നീലേശ്വരം പുഴയുടെ അഴിമുഖത്ത് 27 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ പ്രകൃതിരമണീയ പ്രദേശം ഇന്ന് ശുചിത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മാതൃകയാണ്.
മാലിന്യമുക്തമായ വിനോദസഞ്ചാരം എന്ന ലക്ഷ്യം മുൻനിർത്തി ഹരിതകേരളം മിഷൻ, ഡി.ടി.പി.സി, നഗരസഭ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ബീച്ചിൽ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് നിർമ്മിച്ച ഭീമൻ മത്സ്യശില്പം സന്ദർശകർക്ക് കൗതുകത്തിനൊപ്പം കൃത്യമായ ബോധവൽക്കരണവും നൽകുന്നു. ടൂറിസം വകുപ്പ് അനുവദിച്ച 1.47 കോടി രൂപ ഉപയോഗിച്ച് അഴിത്തലയിൽ അത്യാധുനിക ബീച്ച് പാർക്ക് നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ ഇതിനകം പൂർത്തിയായി. നഗരസഭയുടെ കൈവശമുള്ള 25 സെന്റ് സ്ഥലം കൂടി ഡി.ടി.പി.സിക്ക് വിട്ടുനൽകുന്നതോടെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂടും.
പ്രധാന ആഘോഷവേളകളിൽ അയ്യായിരത്തിലധികം സഞ്ചാരികളെത്തുന്ന ഇവിടെ സുരക്ഷ ഉറപ്പാക്കാൻ കോസ്റ്റൽ പോലീസ് സ്റ്റേഷനും സജീവമാണ്. ഡി.ടി.പി.സി നിയോഗിച്ച പ്രത്യേക ശുചീകരണ തൊഴിലാളികൾ ദിവസവും കടൽതീരം വൃത്തിയായി സൂക്ഷിക്കുന്നു. അഴിത്തലയ്ക്ക് പുറമെ ബേക്കൽ, പള്ളിക്കര, കാഞ്ഞങ്ങാട് കൈറ്റ് ബീച്ച്, റാണിപുരം, വലിയപറമ്പ തുടങ്ങിയ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം തന്നെ മാലിന്യമുക്തമാക്കി ഹരിതപദവിയിലേക്ക് ഉയർത്തിക്കഴിഞ്ഞു. സുസ്ഥിര വിനോദസഞ്ചാരത്തിന്റെ ഈ പുത്തൻ മാതൃക കേരളത്തിലെ മറ്റ് ടൂറിസം കേന്ദ്രങ്ങൾക്കും വഴികാട്ടിയാവുകയാണ്.
.jpg)

