ബാവിക്കര സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിലെ തടസ്സം നീങ്ങി
കാസർഗോട് : വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ബാവിക്കര സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിലെ തടസ്സം നീങ്ങി. പ്ലാന്‍ പുതുക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍ദ്ദേശം നല്കി. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നിഷാമോള്‍ വി.എ, ജില്ലാ ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ജെംലാ റാണി എ.കെ, എന്നിവര്‍ കളക്ടറുടെ കൂടെ നിര്‍ദ്ദിഷ്ട അങ്കണവാടി കെട്ടിട നിര്‍മ്മാണ പ്രദേശം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയാണ് വര്‍ഷങ്ങളായുള്ള പ്രശ്നത്തിന് പരിഹാരമായത്.
ബാവിക്കര കുടിവെള്ള പദ്ധതിയ്ക്ക് സമീപം കാസര്‍കോട് വികസന പാക്കേജ് വനിതാ ശിശു വികസന വകുപ്പ്, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായാണ് അങ്കണവാടി നിര്‍മിക്കുന്നത്. കുടിവെള്ള പദ്ധതി കെട്ടിടനിര്‍മാണത്തിന് തടസമാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ജില്ലാകളക്ടര്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ച് വ്യക്തത വരുത്തിയതോടെയാണ് നിര്‍മ്മാണ തടസ്സം നീങ്ങിയത്. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തില്‍ കാലതാമസമുണ്ടായതിനാലാണ് അങ്കണവാടി നിര്‍മ്മാണം വൈകിയത്. തുടര്‍ന്നാണ് ജില്ലാകളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അങ്കണവാടി കെട്ടിടം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്.
.jpg)

