വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യനിരോധനം

The price of alcohol has been increased in the state

കാസർ​ഗോട് : 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിവസങ്ങളിലും വോട്ടെണ്ണൽ ദിവസവും സംസ്ഥാനത്ത് 'ഡ്രൈ ഡേ' പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിട്ടു.  ഉത്തരവ് പ്രകാരം വോട്ടെടുപ്പ് നടക്കുന്ന 2026 ഏപ്രിൽ ഒൻപത് (വ്യാഴാഴ്ച), വോട്ടെണ്ണൽ നടത്തുന്ന മെയ് നാല് (തിങ്കളാഴ്ച) എന്നീ ദിവസങ്ങളിൽ സംസ്ഥാനത്ത് പൂർണ്ണ മദ്യനിരോധനമായിരിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യവിൽപ്പനയും വിതരണവും കർശനമായി നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും മണ്ഡലങ്ങളിൽ പുനർ വോട്ടെടുപ്പ് (Re-poll) ആവശ്യമായി വരികയാണെങ്കിൽ ആ ദിവസങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും.  

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135C പ്രകാരമാണ് ഈ നടപടി. ഇതനുസരിച്ച് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ തുടങ്ങി മദ്യം വിളമ്പാൻ ലൈസൻസുള്ള ഒരു സ്ഥാപനങ്ങളിലും ഈ ദിവസങ്ങളിൽ മദ്യം വിളമ്പാനോ വിൽക്കാനോ പാടുള്ളതല്ല. പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ മദ്യം നൽകുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്. മദ്യത്തിന്റെ അനധികൃത സംഭരണം തടയുന്നതിനും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് നിയന്ത്രിക്കുന്നതിനും എക്‌സൈസ് വകുപ്പിനും പോലീസിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.  ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

Tags