കാസർ​ഗോട് ജില്ലയിൽ അക്ഷരം ആരോഗ്യം സ്‌കൂൾ ആരോഗ്യ പദ്ധതി ആരംഭിച്ചു

 AKSHARAM AROGYAM

കാസർ​ഗോട് : സംസ്ഥാന സർക്കാർ ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അക്ഷരം ആരോഗ്യം - സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി രാംദാസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. കെ.കെ ഷാന്റി അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും, ദേശീയ ആരോഗ്യ ദൗത്യം ജെ.സി കമൽ കെ ജോസ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ആരോഗ്യം, പൊതു വിദ്യാഭ്യാസം, ആയുഷ്, ഹോമിയോ  പട്ടികവർഗ വികസനം  എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.

tRootC1469263">

കൗമാര ശാരീരിക മാനസിക ആരോഗ്യം, പോഷണം, തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അജയ് രാജൻ, ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ്. പ്രൊഫസർ ഡോ ലക്ഷ്മി രാജീവ് ടി, ഇ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ബേസിൽ വർഗീസ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ആൽബിൻ എൽദോസ്, ഡയറ്റ് ലാക്ചറർ ഡോ.വിനോദ് കുമാർ എം, പൂടംകല്ല് താലൂക്ക് ആശുപത്രി ഡയറ്റീഷ്യൻ മൃദുല അരവിന്ദ് എന്നിവർ ക്ലാസ്സെടുത്തു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ആരോഗ്യ ബ്ലോക്കുകളിൽ ആരോഗ്യ പ്രവർത്തകർക്കായി പരിശീലനം സംഘടിപ്പിക്കും, തുടർന്ന് സ്‌കൂളുകൾ കേന്ദ്രീകരിച്ചു അധ്യാപകർ രക്ഷിതാക്കൾ എന്നിവർക്കും പദ്ധതിയെ ക്കുറിച്ച് ക്ലാസുകൾ നൽകും.

ജില്ലയിലെ 1-4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും ഹെൽത്ത് കാർഡ് വിതരണം ചെയ്യും, കൃത്യമായ ഇടവേളകളിൽ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ കുട്ടികളുടെ പൊതു ആരോഗ്യം, കാഴ്ച -കേൾവി വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ എന്നിവ പരിശോധിക്കും.വിദഗ്ധ പരിശോധന ആവശ്യമുള്ള കുട്ടികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റെഫർ ചെയ്യും. രക്തഗ്രൂപ്പ്,വാക്‌സിനേഷൻ സ്റ്റാറ്റസ് തുടങ്ങിയ പൊതു വിവരങ്ങളും ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തും. കൗമാര പ്രായത്തിലുള്ള കുട്ടികൾക്കായി ശാരീരിക മാനസിക ആരോഗ്യം, ശരിയായ ഭക്ഷണക്രമം, വ്യായാമത്തിന്റെ പ്രാധാന്യം, ലഹരി വിരുദ്ധ ബോധൽവക്കരണ ക്ലാസുകൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു.

Tags