കുട്ടികളുടെ ആധാർ രജിസ്ട്രേഷനും ബയോമെട്രിക് പുതുക്കലും സമയബന്ധിതമായി പൂർത്തിയാക്കണം : കാസർഗോട് ജില്ലാകളക്ടർ
കാസർഗോട് : കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ, നിർബന്ധിത ബയോമെട്രിക് പുതുക്കൽ, ആധാറുമായി ബന്ധിപ്പിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കൽ എന്നിവ രക്ഷിതാക്കൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് അറിയിച്ചു. വിദ്യാഭ്യാസ പ്രവേശനം, സ്കോളർഷിപ്പ്, വിവിധ സർക്കാർ സേവനങ്ങൾ, പ്രവേശന പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ ആധാർ വിവരങ്ങൾ പുതുക്കൽ അത്യാവശ്യമാണ്.
*അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ രജിസ്ട്രേഷൻ*
നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ സമയത്ത് ഇവരുടെ വിരലടയാളം, കണ്ണിന്റെ ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. കുട്ടിയുടെ പേരുള്ള ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ സമർപ്പിച്ച് അംഗീകൃത ആധാർ എന്റോൾമെന്റ് കേന്ദ്രങ്ങളിൽ 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി രജിസ്ട്രേഷൻ നടത്താം.
*അഞ്ച്, 15 വയസ്സുകളിൽ ബയോമെട്രിക് പുതുക്കണം*
കുട്ടികൾക്ക് അഞ്ച് വയസ്സും 15 വയസ്സും പൂർത്തിയാകുമ്പോൾ നിർബന്ധിത ബയോമെട്രിക് പുതുക്കൽ നടത്തണം. വിരലടയാളം, ഐറിസ് വിവരങ്ങൾ, ഫോട്ടോ എന്നിവ പുതുക്കുന്നതിലൂടെ കുട്ടികളുടെ ആധാർ വിവരങ്ങൾ കൃത്യമായി നിലനിർത്താൻ സാധിക്കും. നിശ്ചിത പ്രായത്തിൽ ഈ നടപടി പൂർത്തിയാക്കാത്തത് ചില ആധാർ അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കുന്നതിന് തടസ്സമായേക്കാം.
സ്കൂൾ, കോളേജ് പ്രവേശനം, സ്കോളർഷിപ്പ് അപേക്ഷകൾ, ഡിജിലോക്കർ, അപാർ ഐ.ഡി (APAAR ID), നീറ്റ്, ജെ.ഇ.ഇ, കീം തുടങ്ങിയ പ്രവേശന പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ സുഗമമാക്കുന്നതിനും ആധാർ വിവരങ്ങൾ പുതുക്കി സൂക്ഷിക്കുന്നത് സഹായകരമാകും.
*മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും പുതുക്കുക*
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും കൃത്യമാണെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. സർക്കാർ ഓൺലൈൻ സേവനങ്ങൾ, ഒ.ടി.പി അടിസ്ഥാനത്തിലുള്ള സ്ഥിരീകരണം, മറ്റ് ഡിജിറ്റൽ സേവനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിന് നിലവിലുള്ള വിവരങ്ങൾ പ്രധാനമാണ്. ആധാർ ആപ്പ് വഴി വിവര പുതുക്കലിനുള്ള സൗകര്യങ്ങളും ഫീസും സംബന്ധിച്ച നിലവിലെ വ്യവസ്ഥകൾ പരിശോധിച്ചശേഷം നടപടികൾ സ്വീകരിക്കണം.
*അക്ഷയ കേന്ദ്രങ്ങളിലും അംഗീകൃത ആധാർ കേന്ദ്രങ്ങളിലും സൗകര്യം*
കേരളത്തിലെ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും പുതിയ ആധാർ രജിസ്ട്രേഷൻ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളുടെ പുതുക്കൽ എന്നിവക്കുള്ള സൗകര്യം ലഭ്യമാണ്. ഇതിനായി എത്തുമ്പോൾ ആവശ്യമായ രേഖകൾ കരുതണം. സേവനത്തിന്റെ സ്വഭാവമനുസരിച്ച് ഫീസും രേഖകളും വ്യത്യാസപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക് സിറ്റിസൺ കോൾ സെന്റർ (1800-4251-1800/04712335523), കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ആധാർ സെക്ഷൻ (0471-2525442) എന്നിവയുമായി ബന്ധപ്പെടാം. ഇ-മെയിൽ: uidhelpdesk@kerala.gov.in.
കുട്ടികളുടെ ആധാർ രജിസ്ട്രേഷനും നിർബന്ധിത ബയോമെട്രിക് പുതുക്കലും വൈകാതെ പൂർത്തിയാക്കി വിദ്യാഭ്യാസ-സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കളക്ടർ രക്ഷിതാക്കളോട് അഭ്യർഥിച്ചു.
.jpg)


