തളിപ്പറമ്പിലെ സൂ സഫാരി പാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും; പദ്ധതി ഏകോപനത്തിന് പ്രാദേശിക കമ്മിറ്റിക്ക് രൂപം നല്‍കിയെന്ന് മന്ത്രി ഒ ജെ ജനീഷ്

Zoo Safari Park in Taliparamba will be expedited; Minister OJ Janish says a local committee has been formed to coordinate the project

 തളിപ്പറമ്പ് : മണ്ഡലത്തിലെ നാടുകാണിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സൂ സഫാരി പാര്‍ക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കായിക, യുവജനക്ഷേമ, മ്യൂസിയം വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. പദ്ധതിയുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ആലോചനാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വലിയ സമയ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അവ വേഗത്തിലാക്കുന്നതിനും വിവിധ വകുപ്പുകള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി തളിപ്പറമ്പ് എംഎല്‍എ ചെയര്‍മാനായും മൃഗശാലാ വകുപ്പ് സൂപ്രണ്ട് കണ്‍വീനറായും ഒരു പ്രാദേശിക സമിതിക്ക് രൂപം നല്‍കിയതായി അദ്ദേഹം അറിയിച്ചു. ജില്ലാ കലക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന കുറുമാത്തൂര്‍, ചപ്പാരപ്പടവ്  പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ആര്‍ഡിഒ, സോഷ്യല്‍ ഫോറസ്ട്രി പ്രതിനിധി, പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. സമയനഷ്ടം വരാതെ എത്രയും വേഗം പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായി സമയക്രമം തയ്യാറാക്കും. ഡിപിആര്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിശദമായ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. 

Zoo Safari Park in Taliparamba will be expedited; Minister OJ Janish says a local committee has been formed to coordinate the project

സഫാരി പാര്‍ക്കിന്റെ ഡിപിആര്‍, കോണ്ടൂര്‍ മാപ്പ് എന്നിവ തയ്യാറാക്കല്‍, പരിസ്ഥിതി ആഘാത പഠനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം സമാന്തരമായി മുന്നോട്ടുകൊണ്ടുപോവാനും യോഗത്തില്‍ തീരുമാനമായി. പദ്ധതി പ്രദേശത്തെ ആയിരത്തിലേറെ മരങ്ങളുടെ കണക്കെടുത്ത് ഇന്‍വെന്ററി തയ്യാറാക്കുന്നതിന് കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ (കെഎഫ്ആര്‍ഐ) ചുമതലപ്പെടുത്തും. അതോടൊപ്പം റവന്യൂ വകുപ്പില്‍ നിന്ന് മൃഗശാലാ വകുപ്പിന് കൈമാറിക്കിട്ടിയ 252.8 ഏക്കര്‍ വരുന്ന പദ്ധതിപ്രദേശം സുരക്ഷിതമാക്കുന്നതിനായി ചുറ്റുമതില്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ഡിപിആര്‍ തയ്യാറായാല്‍ മാത്രമേ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതിക്കായി പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ സാധിക്കൂ എന്നും മന്ത്രി അറിയിച്ചു. ഭൂമികൈമാറ്റ വ്യവസ്ഥ പ്രകാരം നിലവിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികളെ പദ്ധതിയിലേക്ക് ആഗിരണം ചെയ്യുമെന്നും ആവശ്യമനുസരിച്ച് കൂടുതല്‍ തൊഴിലാളികളെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

യോഗത്തില്‍ ടി കെ ഗോവിന്ദന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്, മ്യൂസിയം-മൃഗശാലാ വകുപ്പ് ഡയരക്ടര്‍ പി എസ് മഞ്ജുള ദേവി, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, കുറുമത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എസ് പി രമേശന്‍ മാസ്റ്റര്‍, തിരുവനന്തപുരം സുവോളജിക്കല്‍ പാര്‍ക്ക് സൂപ്രണ്ട് ടി വി അനില്‍കുമാര്‍, സഫാരി പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ ബി ജോസഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags