കണ്ണൂരിൽ ലോക ഹോമിയോപ്പതി ദിനാചരണം നടത്തി

World Homeopathy Day celebrated in Kannur
World Homeopathy Day celebrated in Kannur

കണ്ണൂർ :ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഹോമിയോപ്പതി ദിനാചരണം കെ.കെ ശൈലജ ടീച്ചർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം എല്ലാ ആരോഗ്യശാഖകളും എഐ അടക്കമുള്ള പുതിയ അറിവുകൾ ഉപയോഗപ്പെടുത്തി കൂടുതൽ ആധുനികമായി വളർന്നു വരികയാണെന്ന് എംഎൽഎ പറഞ്ഞു. 

കേരളത്തിൽ ഹോമിയോപ്പതി വളരെയധികം പ്രചാരം നേടിയിട്ടുള്ള ചികിത്സാരീതിയാണെന്നും ഓരോ ഘട്ടത്തിലും ഏത് ആരോഗ്യ ശാഖയാണ് അനുയോജ്യമെന്ന് തെരഞ്ഞെടുത്ത് ചികിത്സ പിന്തുടരുകയാണെങ്കിൽ മെച്ചപ്പെട്ട രീതിയിൽ ആരോഗ്യം സംരക്ഷിക്കാനാകുമെന്നും അവർ പറഞ്ഞു.കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ച് പരിസരത്ത് ഒരുക്കിയ ഡോ. സാമുവൽ ഹനിമാന്റെ മണൽ ശിൽപം പോലീസ് എസ്‌ഐയും സിനിമാ നടനുമായ ശിവദാസ് കണ്ണൂർ അനാച്ഛാദനം ചെയ്തു. 

ഹോമിയോപ്പതി വകുപ്പിലെ വിവിധ പ്രൊജക്ടുകളുടെ പ്രദർശനവും വിശദീകരണവും ലാബ് സൗകര്യത്തോടുകൂടിയ മെഡിക്കൽ ക്യാമ്പും സദ്ഗമയ പദ്ധതി ഗുണഭോക്താക്കളുടെ കരകൗശല പ്രദർശനവും കണ്ണൂർ പുതിയ ബസ് സ്റ്റാന്റിൽ പൊതുജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു.


ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.വി ശ്രീജിനി അധ്യക്ഷയായി. റിട്ട. ഡിഎംഒ ഡോ. വി ആർസദ്ഗുണൻ ഡോ. സാമുവൽ ഹനിമാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡിഎംഒ ഹോമിയോ ഇൻ ചാർജ് ഡോ. ബി. ജെ സോണി, ഡിഎംഒ ഐഎസ്എം ഡോ. വി. പി ഷീജ, മെഡിക്കൽ കൗൺസിൽ മെമ്പർ ഡോ. കെ. സി വത്സല, ഐഎച്ച്എംഎ ജില്ലാ ട്രഷറർ ഡോ. കെ. പി രേഷ്മ, ഐ എച്ച് കെ ജില്ലാ സെക്രട്ടറി ഡോ. എ. ജിംറീസ് സാദിഖ്, നാഷണൽ ആയുഷ് മിഷൻ ജില്ലാ ഡി പി എം ഡോ. കെ. സി അജിത്ത് കുമാർ എന്നിവർ സംസാരിച്ചു

Tags