ലോക കേള്‍വി ദിനം കണ്ണൂർ ജില്ലയില്‍ വിപുലമായി ആചരിച്ചു

World Hearing Day was celebrated on a grand scale in Kannur district
World Hearing Day was celebrated on a grand scale in Kannur district

കണ്ണൂർ :' മനോഭാവം മാറ്റാം, എല്ലാവര്‍ക്കും ചെവിയുടെയും കേള്‍വിയുടെയും പരിരക്ഷ ഉറപ്പാക്കാം ' എന്ന സന്ദേശവുമായി ലോക കേള്‍വി ദിനാചരണം ജില്ലയില്‍ വിപുലമായി സംഘടിപ്പിച്ചു. മുഴത്തടം ഗവ. യു.പി. സ്‌കൂളില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 ശ്രവണ വൈകല്യം നേരത്തെ കണ്ടെത്തി കൃത്യമായി ചികിത്സിക്കണമെന്ന് അദേഹം പറഞ്ഞു. അത്യാവശ്യമുള്ളവര്‍ ശ്രവണ സഹായി ഉപയോഗിക്കണമെന്നും കൃത്യമായ രീതിയില്‍ സ്പീച്ച് തെറാപി നടത്തണമെന്നും മേയര്‍ പറഞ്ഞു. ദേശീയ ബധിരത നിയന്ത്രണ പദ്ധതി (എന്‍.പി.പി.സി.ഡി) കണ്ണൂര്‍ നോഡല്‍ ഓഫീസര്‍ ഡോ. ഷിത രമേഷ് അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍ കുമാര്‍ സന്ദേശം നല്‍കി.

 കേള്‍വി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഡോ. ഷിത രമേഷ് ക്ലാസെടുത്തു. പ്രൈമറി തലം വരെയുള്ള കുട്ടികള്‍ക്കുണ്ടായേക്കാവുന്ന കേള്‍വിക്കുറവിനെക്കുറിച്ചും അത് നേരത്തെ കണ്ടുപിടിച്ച് ചികിത്സ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അങ്കണവാടി, പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാരെയും രക്ഷിതാക്കളെയും ബോധവത്ക്കരിക്കുക എന്ന ക്യാമ്പയിനാണ് ഈ വര്‍ഷം സംസ്ഥാന തലത്തില്‍ നടത്തുന്നത്.

മുഴത്തടം യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍, പി.ടി.എ. പ്രസിഡന്റ് വി.പി അര്‍ഷിത, ദേശീയ ആരോഗ്യദൗത്യം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് (ഡി ആന്‍ഡ് സി) ബിന്‍സി രവീന്ദ്രന്‍, ജില്ലാ ആശുപത്രി ഓഡിയോളജിസ്റ്റ് ലിന്‍സി മേരി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags