പെരുമ്പ പുഴ നീന്തിക്കടന്ന് വനിതാ നീന്തൽ താരങ്ങളുടെ വനിതാദിന സന്ദേശം


പയ്യന്നൂര്‍: ലോക വനിതാ ദിനത്തിന്റെ ഭാഗമായി പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് വനിതകള്‍. ജല അപകട സാധ്യതകളില്‍നിന്ന് വനിതകള്‍ സ്വയരക്ഷയ്ക്കും പരരക്ഷയ്ക്കും പ്രാപ്തരാകണമെന്ന സന്ദേശമുയര്‍ത്തിയായിരുന്നു ഇവരുടെ നീന്തല്‍ പ്രകടനം.
പെരളശേരിയിലെ വി.കെ. ഷൈജീന, ചക്കരക്കല്ലിലെ പി.ദില്‍ഷ, മുഴുപ്പിലങ്ങാട് സ്വദേശിനി വിന്‍ഷ ശരത്ത്,കടമ്പൂര്‍ സ്വദേശിനി അപര്‍ണ്ണ വിശ്വനാഥ് എന്നിവരാണ് ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമി സംഘടിപ്പിച്ച വനിതാ ദിന സന്ദേശ നീന്തലില്‍ പങ്കെടുത്തത്. നീന്തല്‍ പരിശീലകന്‍ ഡോ. ചാള്‍സണ്‍ ഏഴിമലയുടെയും കേരള പോലീസ് കോസ്റ്റല്‍ വാര്‍ഡനായ വില്യംസ് ചാള്‍സന്റെയും ശിക്ഷണത്തില്‍ ഒരു വര്‍ഷം മുന്‍പാണ് നാലുപേരും നീന്തല്‍ പരിശീലനം നേടിയത്. കഴിഞ്ഞ നവംമ്പറില്‍ നടന്ന ദീര്‍ഘദൂര നീന്തല്‍ യജ്ഞത്തിലും ഇവര്‍ പങ്കാളികളായിരുന്നു. വിന്നര്‍ലാന്റ് ഇന്റര്‍നാഷണല്‍ സ്‌പോട്‌സ് അക്കാദമിയും ഭാരതീയ ലൈഫ് സേവിങ്ങ് സൊസൈറ്റിയും ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ലൈഫ് ഗാര്‍ഡ് കം സ്വിമ്മി ട്രെയിനര്‍ പരിശീലനവും ഇവര്‍ പൂര്‍ത്തീകരിച്ചു.
കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ഡിടിപിസി സംഘടിപ്പിച്ച ദേശീയ കയാക്കിങ്ങ് മത്സരത്തിലും ബേപ്പൂരില്‍ നടന്ന ദേശീയ കയാക്കിങ് മത്സരത്തിലും ഇവര്‍ വിജയികളായിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പരിശീലനം നേടി കയാക്കിങ്ങ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് നാലുപേരുടെയും ആഗ്രഹം.ഇതിനുള്ള പരിശീലനങ്ങള്‍ക്കിടയിലാണ് വനിതാ ദിന സന്ദേശ നീന്തലില്‍ ഇവര്‍ പങ്കെടുത്തത്.
മാസ്റ്റേഴ്‌സ് അത്ലറ്റിക് അന്താരാഷ്ട്ര സ്വര്‍ണ്ണ മെഡല്‍ ജേതാവ് സരോജനി തോലാട്ട് നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം പി.പി. അനിഷയും പരിശീലകന്‍ ചാള്‍സണ്‍ ഏഴിമലയും ചേര്‍ന്ന് നീന്തിക്കയറിയ വനിതകളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.