കരിമ്പിൻ ജ്യൂസ് അടിക്കുന്നതിനിടെ അബദ്ധത്തിൽ കൈ യന്ത്രത്തിൽ കുടുങ്ങി; യുവതിക്ക് പരിക്ക്


ഇരിട്ടി: ഇരിട്ടി കല്ലുമുട്ടിയിൽ കരിമ്പിൻ ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങി യുവതിക്ക് പരിക്കേറ്റു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മെഷീനിൽ നിന്നും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്ത് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഇരട്ടി കല്ലുമുട്ടിയൽ റോഡരികിൽ കരിമ്പിൻ ജ്യൂസ് കടയിൽ ജ്യൂസ് തയ്യാറാക്കുന്നതിനിടയിൽ മെഷിന്റെ ഉള്ളിൽ കൈ കുടുങ്ങി കല്ലുമുട്ടി സ്വദേശിയായ മല്ലികയ്ക്കാണ് പരുക്കേറ്റത്.
കൈ കുടുങ്ങിക്കിടക്കുന്നതിനാൽ യുവതി നിലവിളിക്കുന്നത് കണ്ട് നാട്ടുകാർ ഉടൻതന്നെ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വൈകാതെ എത്തിയ പൊലീസും ഫയർഫോഴ്സും ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ കട്ടിംഗ് മെഷിൻ കൊണ്ടുവന്ന കരിമ്പിൻ ജ്യൂസ് മിഷൻ കട്ട് ചെയ്താണ് കൈ പുറത്തെടുത്തത്.

നാലോളം വിരലുകൾ മെഷീനിൽ കുടുങ്ങി ചതഞ്ഞ നിലയിലാണ്. പരിക്കേറ്റ മല്ലികയെ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തിയിരുന്നു.