ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തലശേരി പൊലീസ് പിടികൂടി
തലശേരി : തലശേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി തലശ്ശേരി പൊലീസ്. പാനൂർ പാറാട് പുത്തൂർ ക്ലബ്ബിന് സമീപം മുഹമ്മദ് അജ്മൽ (27) ആണ് അറസ്റ്റിലായത്.ഞായറാഴ്ച്ചഉച്ചയ്ക്ക് 1.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. വിവരം ലഭിച്ചയുടൻ തലശ്ശേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അശ്വതി കെ. സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതിയുടെ ചിത്രം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.അന്വേഷണം പുരോഗമിക്കുന്നതിനിടെ തലശ്ശേരി നാരങ്ങാപ്പുറത്തുള്ള മറ്റൊരു വീട്ടിലും പ്രതി കയറിയതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് തലശ്ശേരി എസ്.എച്ച്.ഒ ബിജു പ്രകാശ്, എസ്.ഐ അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തി.
വൈകുന്നേരം 6.10ഓടെ തലശ്ശേരി സദാനന്ദപൈ പെട്രോൾ പമ്പിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ അശ്വതി, സി.പി.ഒമാരായ സിജിൽ, ഹിരൺ, സായൂജ് എന്നിവർ ചേർന്ന് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.സ്റ്റേഷനിലെത്തിച്ച പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ഷമീൽ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, കവർച്ച എന്നിവയുൾപ്പെടെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
.jpg)


