കൂട്ടായ നേതൃത്വത്തിലൂടെ പാർട്ടിയെ നയിക്കും: കെ.കെ.രാഗേഷ്


കണ്ണൂർ ജില്ലയിൽ പാർട്ടി ശക്തിപ്പെടുത്തുന്നതിനായി നടപടികൾ സ്വീകരിക്കുമെന്നും ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്നും കെ.കെ.രാഗേഷ്
കണ്ണൂർ: കൂട്ടായ നേതൃത്വത്തിലൂടെ പാർട്ടിയെ മുൻപോട്ടു നയിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം കെ.കെ.രാഗേഷ് പ്രതികരിച്ചു. കണ്ണൂർ പാറക്കണ്ടിയിലെ ജില്ലാ കമ്മിറ്റി ഓഫിസിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ പാർട്ടി തീരുമാനിച്ച 28 ഭാവി കടമകൾ പൂർത്തീകരിക്കും. അതിൽ ഒന്നാമത് പാർട്ടിജില്ലാ കമ്മിറ്റി ഓഫിസിൻ്റെ നിർമ്മാണം പൂർത്തീകരിക്കുകയാണ്. തീർത്ഥാടന ടൂറിസത്തിൻ്റെ ഭാഗമായി കണ്ണൂരിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പിടിമുറുക്കുന്ന വർഗീയതയെ ചെറുക്കും.
ഇതിനായി വിശ്വാസവും വർഗീയതയും രണ്ടും രണ്ടാണെന്ന് ജനങ്ങളെ പഠിപ്പിക്കും. താൻ ജില്ലാ സെക്രട്ടറിയായത് തലമുറ കൈമാറ്റമാണെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് കെ.കെ.രാഗേഷ് പറഞ്ഞു.
പഴയവർക്കും പുതിയ ആളുകൾക്കും നന്നെ പുതിയയാളുകൾക്കും പാർട്ടിയിൽ ഇടമുണ്ട്. ഇവരെല്ലാം കൂടി ചേർന്ന കൂട്ടായ്മയാണ് പാർട്ടി. കണ്ണൂർ ജില്ലയിൽ പാർട്ടി ശക്തിപ്പെടുത്തുന്നതിനായി നടപടികൾ സ്വീകരിക്കുമെന്നും ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്നും കെ.കെ.രാഗേഷ് പറഞ്ഞു. സ്ഥാനമൊഴിയുന്ന ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കെ.കെ രാഗേഷിനെ ചുവന്ന ഷാൾ അണിയിച്ചു അഭിനന്ദിച്ചു. എൻ. ചന്ദ്രൻ, പനോളി വത്സൻ പി.വി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
