എൽ.ഡി.എഫിനൊപ്പം തുടരും; കോൺഗ്രസ് (എസ്) അംഗത്വം രാജിവെച്ച് കെ.സി. സോമൻ നമ്പ്യാർ
കണ്ണൂർ: കോൺഗ്രസ് (എസ്) നേതാവും സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ മുൻ ഡയറക്ടറുമായ കെ.സി സോമൻ നമ്പ്യാർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ചു. കോൺഗ്രസ് (എസ്)-ഉം എ.കെ. ശശീന്ദ്രൻ നയിക്കുന്ന എൻ.സി.പി വിഭാഗവും തമ്മിൽ ലയിച്ച് പുതിയ പാർട്ടിയാകാനുള്ള നീക്കങ്ങളിലെ കാപട്യവും ആദർശരാഹിത്യവും ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പദവികൾ ഒഴിഞ്ഞത്.
1980-ൽ എ.കെ. ആന്റണി, എസ്. വരദരാജൻ നായർ, പി.സി. ചാക്കോ, എ.സി. ഷൺമുഖദാസ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച കോൺഗ്രസ് (എ) വിഭാഗത്തിലൂടെയാണ് സോമൻ നമ്പ്യാർ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസിലേക്ക് മടങ്ങിയപ്പോഴും, പി.സി. ചാക്കോ ഉൾപ്പെടെയുള്ളവർ വഴിമാറിപ്പോയപ്പോഴും രാമചന്ദ്രൻ കടന്നപ്പള്ളിക്കൊപ്പം കോൺഗ്രസ് (എസ്)-ൽ ഉറച്ചുനിന്ന വിശ്വസ്തനായിരുന്നു അദ്ദേഹം. ബ്ലോക്ക്, ജില്ലാ തല ഭാരവാഹിത്വങ്ങളിൽ നിന്നും ഉയർന്ന് സംസ്ഥാന നിർവാഹക സമിതി അംഗം വരെയായി പ്രവർത്തിച്ച അദ്ദേഹം, എൽ.ഡി.എഫ് മുന്നണിയുടെ ഭാഗമായി ആർ. ബാലകൃഷ്ണപിള്ള ചെയർമാനായിരുന്ന കാലം മുതൽ പത്തു വർഷത്തോളം സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും എ.കെ. ശശീന്ദ്രനും മന്ത്രിമാരായിരുന്നു. ഒരൊറ്റ പാർട്ടിയായാൽ രണ്ടുപേർക്കും മന്ത്രിയാകാൻ കഴിയില്ലെന്ന കാരണത്താലാണ് മുൻപ് ഇവർ വെവ്വേറെ പാർട്ടികളായി നിന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സോമൻ നമ്പ്യാർ കുറ്റപ്പെടുത്തുന്നു. പലതവണ മറുകണ്ടം ചാടിയ എ.കെ. ശശീന്ദ്രൻ ഗ്രൂപ്പുമായി ലയിക്കുന്നതിന് കോൺഗ്രസ് (എസ്) എന്ന പേരും കൊടിയും മാറ്റാൻ രാമചന്ദ്രൻ കടന്നപ്പള്ളി തയ്യാറാകുന്നത് എന്ത് ആദർശത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണം. അധികാര രാഷ്ട്രീയത്തിന് വേണ്ടി നടത്തുന്ന ഇത്തരം കള്ളക്കളികൾ ജനങ്ങളിൽ വലിയ അവമതിപ്പുണ്ടാക്കാനേ ഇടയാക്കൂ. പാർട്ടി ബന്ധം പൂർണ്ണമായി ഉപേക്ഷിച്ചെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിശ്സ്തനായ പ്രവർത്തകനായി തുടർന്നും സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
.jpg)


