കാട്ടാനതുരത്തൽ ഊർജ്ജിതം ; ആറളം ഫാമിലെ കൃഷിയിടത്തിൽ 14 ആനകളെ വനത്തിലേക്ക് തുരത്തി

Wild elephant poaching intensifies; 14 elephants chased into the forest in Aralam Farm
Wild elephant poaching intensifies; 14 elephants chased into the forest in Aralam Farm

ഇരിട്ടി:ആറളം ഫാമിലെ കൃഷിയിടത്തിൽ നിന്നും കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള  ദൗത്വത്തിന്റെ   രണ്ടാം ദിവസമായ  വ്യാഴാഴ്ച്ച വനത്തിലേക്ക് തുറത്തിവിട്ടത്  14 ആനകളെ. ഫാമിന്റെ ബ്ലോക്ക് രണ്ടിലെ കൃഷിയിടത്തിൽ തമ്പടിച്ച കുട്ടിയാനകൾ ഉൾപ്പെട്ട സംഘത്തെയാണ് വനപാലക സംഘം  വളരെ സാഹസപ്പെട്ട് വനത്തിലേക്ക് കയറ്റിവിട്ടത്.

 വനമേഖലയിൽ നിന്നും കിലോമീറ്ററുകൾ അകലെ കിടക്കുന്ന  ബ്ലോക്ക് രണ്ടിലെ കാറ്റാടി റോഡ് കടത്തിയ ആനക്കൂട്ടത്തെ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി നിരന്നപാറ, ഹെലിപ്പാട്, വട്ടക്കാട് വഴി തളിപ്പാറയിൽ നിന്നും കോട്ടപ്പാറ വഴിയാണ് ആറളം വനത്തിലേക്ക് തുരത്തിയത്. പഴുതടച്ച് സുരക്ഷാ സന്നാഹത്തോടെയായിരുന്നു ആനതുരത്തൽ ദൗത്വം തുടങ്ങിയത്. 

റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയും പുരധിവാസ മേഖലയിൽ മൈക്ക് അനൗൺസ്‌മെന്റും നടത്തിയിരുന്നു.
ബുധനാഴ്ച മുതലാണ് ഫാമിന്റെ കൃഷിയിടത്തിൽ നിന്നുള്ള ആനതുരത്തൽ  രണ്ടാം ഘട്ടം തുടങ്ങിയത്. ആദ്യദിനത്തിൽ ഫാം മൂന്നാം ബ്ലോക്കിലെ കൃഷിയിടത്തിൽ നിന്നും നാല് ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. ഇതോടെ രണ്ട് ദിവസത്തെ ദൗത്വത്തിനിടയിൽ കൃഷിയിടത്തിൽ നിന്നും 18 ആനകളെ തുരത്താനായി. 

ഫാമിന്റെ കൃഷിയിടത്തിൽ 25-ൽഅധികം ആനകളുണ്ടെന്നാണ് ഫാം തൊഴിലാളികളും വനം വകുപ്പ് നിരീക്ഷണ സംഘവും പറയുന്നത്. വരും ദിവസങ്ങളിൽ  ഫാമിന്റെ മറ്റ് ബ്ലോക്കുകളിലും ദൗത്വം തുടരും. ആനതുരത്തലിന്റെ ഒന്നാം ഘട്ടത്തിൽ 20തോളം ആനകളെ തുരത്തിയിരുന്നു. ആനമതിൽ നിർമ്മാണം ഒന്നാം ഘട്ടം പൂർത്തിയാക്കുന്നതിനിടയ്ക്ക് ഫാമിലും ഫാം പുരധിവാസ മേഖലയിലുമുള്ള കാട്ടാനകളെ മുഴുവൻ വനത്തിലേക്ക് തുരത്തണമെന്ന് ജനപ്രതിനിധികളും വിവിധ വകുപ്പ് മേധവികളും ഉൾപ്പെട്ട നിരീക്ഷണ സമിതി വനം വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.

ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവന്റെയും വനം ദ്രുതകർമ്മ സേന റെയിഞ്ചർ എം.ഷൈനി കുമാറിന്റെയും നേതൃത്വത്തിലുള്ള 35 അംഗം സംഘമാണ് തുരത്തൽ ദൗത്വത്തിലുള്ളത്. വനത്തിലേക്ക് തുരത്തിയ ആനകൾ പുനരധിവാസ മേഖലയിലേക്കും ഫാമിന്റെ കൃഷിയിടത്തിലേക്കും  തിരികെ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി ഫാമിലും പുനരധിവാസ മേഖലയിലുമായി മൂന്ന് ടീമുകളായി രാത്രി പട്രോളിംങ്ങും നടത്തും.

Tags

News Hub