മയക്കുവെടി വെച്ച് പിടികൂടിയ കാട്ടുപോത്തിനെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് തുറന്നു വിടും
ഇരിട്ടി: പടിയൂർ - കല്ല്യാട് പഞ്ചായത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനവാസ മേഖലയിൽ അലഞ്ഞ് തിരിഞ്ഞ് നടന്നതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ചു പിടികൂടിയ കാട്ടുപോത്തിനെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വെറ്റിനറി ഡോക്ടർമാർവൈദ്യ പരിശോധന നടത്തിയ ശേഷം പൂർണ ആരോഗ്യ നിലയാണെന്ന് കണ്ടെത്തിയാൽ ചൊവ്വാഴ്ച്ചയാണ് അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടുക.
കാട്ട് പോത്തിനെ മയക്ക് വെടി വെച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.ബ്ലാത്തൂർ കിഴക്കേക്കര മടപ്പുര റോഡിൽ വെച്ചാണ് തിങ്കളാഴ്ച്ച വൈകിട്ട് മയക്ക് വെടി വെച്ചത്. വൈദ്യ പരിശോധന നടത്തി ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്തിയതിന് ശേഷം വയനാട് വന്യ ജീവി സങ്കേതത്തിൽ തുറന്ന് വിടുന്നതിനായി കൊണ്ട് പോയി. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജ്, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഇല്യാസ് റാവുത്തർ, ഡോ. ഋഷികേശ്, എസ്എഫ്ഒ കെ. ബാലൻ, തളിപ്പറമ്പ്, കൊട്ടിയൂർ റേഞ്ച് സ്റ്റാഫ്, ആർആർടി സ്റ്റാഫ് എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.
.jpg)

