കനകമലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ നടപടിയില്ല
പാനൂർ: കനകമലയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികൾ അകാരണമായി ചത്തൊടുങ്ങുന്നത് കാരണം ജനങ്ങൾ ആശങ്കയിലായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി കാട്ടുപന്നികളാണ് ചത്തു വീണത്. ആൾപാർപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞ ദിവസം അഞ്ച് പന്നികളാണ് ഒരേസമയം ചത്ത് വീണത് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്.ദുർഗന്ധം വമിക്കുമ്പോൾ മാത്രമാണ് പന്നികൾ ചത്ത വിവരം നാട്ടുകാർ അറിയുന്നത്.
അകാരണമായി പന്നികൾ ചത്തൊടുങ്ങുന്നത് കാരണം ജനങ്ങൾ ആശങ്കയിലാണ്. ഇത്തരത്തിൽ പന്നികൾ ചത്തൊടുങ്ങുന്നതിൽ വനം വകുപ്പും, മുനിസിപ്പാലിറ്റിയും അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ബിജെപി പെരിങ്ങളം ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് പ്രജീഷ് എം പി അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കൊച്ചിയങ്ങാടി, പി.പി.രജിൽ കുമാർ, കെ കെ ധനജ്ഞയൻ, സിപി രാജീവൻ, പി പി രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി ഇ കെ മനോജ് സ്വാഗതവും, രവി പറമ്പത്ത് നന്ദിയും പറഞ്ഞു.
.jpg)

