കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കാട്ടുപന്നികൾ അകാരണമായി ചത്തൊടുങ്ങുന്നു : ജനങ്ങളുടെ ആശങ്കയകറ്റാൻ നടപടിയില്ല
ശ്രീകണ്ഠാപുരം : കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ കാട്ടുപന്നികൾ അകാരണമായി ചാവുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ചന്ദനക്കാംപാറ മേഖലയിലെ ഒന്നാംപാലം, മാവുംതോട്, നറുക്കുംചീത്ത എന്നിവിടങ്ങളിലും പൈസക്കരിയിലെ ചില സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലുമാണ് കാട്ടുപന്നികൾ ചത്തുകിടക്കുന്നതായി കാണപ്പെട്ടത്. മുൻകാലങ്ങളിൽ വേട്ടക്കാർ വയ്ക്കുന്ന കെണികളിൽ കുടുങ്ങി പന്നികളടക്കമുള്ള കാട്ടു മൃഗങ്ങൾ ചത്തിട്ടുണ്ടെങ്കിലും ഇപ്പോൾ അങ്ങനെയൊന്നും ഇല്ലാതെതന്നെ പന്നികൾ വ്യാപകമായി ചാകുന്നതിലാണ് ജനങ്ങൾ ആശങ്കയിലായിരിക്കുന്നത്.
tRootC1469263">പന്നികൾക്ക് പകർച്ചവ്യാധി പോലെയുള്ള എന്തെങ്കിലും രോഗം ബാധിച്ചതിനാലാണോ ഇത്തരത്തിൽ ദിവസവും നിരവധി പന്നികളെ ചത്ത നിലയിൽ കാണുന്നതെന്നാണ് സംശയമുയരുന്നത്. ഇങ്ങനെ ചത്ത പന്നികളെ കാണുമ്പോൾ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചാലും അവർ സ്ഥലത്തെത്തുകയോ പന്നികളെ പോസ്റ്റ്മോർട്ടം ചെയ്ത് പരിശോധിക്കാനോ തയാറാവുന്നില്ലെന്നും പരാതിയുണ്ട്.
പന്നികൾ ചത്തുകിടക്കുന്നതായി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചാൽ സ്ഥലം ഉടമകൾ തന്നെ അതിനെ കുഴിച്ചുമൂടാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്. വനം വകുപ്പിൻ്റെ ഈ നിലപാടും പ്രദേശവാസികളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പന്നികൾ ചത്തോടുങ്ങുന്നതിനു പിന്നിൽ ആഫ്രിക്കൻ പന്നി പനി പോലെ മാരകമായ രോഗബാധയുണ്ടോയെന്നും അത് നാട്ടിലെ വളർത്തു മൃഗങ്ങളിലേക്കും ഫാമുകളിൽ വളർത്തുന്ന പന്നികൾ അടക്കമുളള മൃഗങ്ങളിലേക്കും പടർന്നിട്ടുണ്ടോയെന്ന കാര്യത്തെ കുറിച്ചു ഉടൻ തന്നെ പരിശോധന നടത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ഭക്ഷണത്തിനായി കാട്ടുപന്നികളെ വേട്ടയാടുന്ന സംഘങ്ങൾ മലയോര പ്രദേശങ്ങളിലുണ്ട്. ഇത്തരത്തിൽ മാരകരോഗം ബാധിച്ച പന്നികളെയാണ് വേട്ടയാടപ്പെടുന്നതെങ്കിൽ അത് ഭക്ഷണമാക്കുന്ന മനുഷ്യരിലേക്കും രോഗം പടരാൻ സാധ്യതയുണ്ടെന്നതും ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.
.jpg)


