ദേശീയപാത സർവീസ് റോഡിൽനിന്ന് കുത്തിയൊഴുകിയ വെള്ളം വീടുകളിലേക്ക് ; ദുരിതത്തിലായി തളിപ്പറമ്പ് കുറ്റിക്കോൽ പാലത്തിന് സമീപത്തെ കുടുംബങ്ങൾ
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് സർവീസ് റോഡിൽനിന്ന് വെള്ളം സമീപത്തെ നിരവധി വീടുകളിലേക്ക് ഒഴുകിയെത്തിയത്. കുടുംബങ്ങൾ ആശ്രയിക്കുന്ന മണ്ണിട്ട വഴിയിലൂടെ വെള്ളം കുത്തിയൊഴുകിയതോടെ വീടുകളിലും പരിസരങ്ങളിലും ചെളി നിറഞ്ഞു. വീടുകളുടെ ശുചിമുറികളിൽ വരെ വെള്ളം കയറിയതായും നാട്ടുകാർ പറയുന്നു. കിണറുകളിൽ മലിനജലം കലർന്നതോടെ കുടിവെള്ളം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് വീട്ടമ്മമാർ പറയുന്നു.
തളിപ്പറമ്പ് : കനത്ത മഴയിൽ ദേശീയപാത സർവീസ് റോഡിൽനിന്ന് കുത്തിയൊഴുകിയ വെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയതോടെ കുറ്റിക്കോൽ പാലത്തിന് സമീപത്തെ കുടുംബങ്ങൾ ദുരിതത്തിൽ. ദേശീയപാതാ നിർമാണം ആരംഭിച്ചതുമുതൽ മഴക്കാലത്ത് സമാനമായ ദുരിതം നേരിടുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീടുകളിൽ വെള്ളവും ചെളിയും കയറിയതിനു പിന്നാലെ കിണറുകളിൽ മലിനജലം നിറഞ്ഞതോടെ കുടിവെള്ളത്തിനും പ്രതിസന്ധി നേരിടുകയാണ് കുടുംബങ്ങൾ.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് സർവീസ് റോഡിൽനിന്ന് വെള്ളം സമീപത്തെ നിരവധി വീടുകളിലേക്ക് ഒഴുകിയെത്തിയത്. കുടുംബങ്ങൾ ആശ്രയിക്കുന്ന മണ്ണിട്ട വഴിയിലൂടെ വെള്ളം കുത്തിയൊഴുകിയതോടെ വീടുകളിലും പരിസരങ്ങളിലും ചെളി നിറഞ്ഞു. വീടുകളുടെ ശുചിമുറികളിൽ വരെ വെള്ളം കയറിയതായും നാട്ടുകാർ പറയുന്നു. കിണറുകളിൽ മലിനജലം കലർന്നതോടെ കുടിവെള്ളം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് വീട്ടമ്മമാർ പറയുന്നു.
ചെളി നിറഞ്ഞ വഴിയിലൂടെ കുട്ടികൾക്ക് സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകാൻ കഴിയാത്തതും കുടുംബങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് ആരംഭിച്ച ഡ്രൈനേജ് പ്രവൃത്തി പാതിവഴിയിൽ നിലച്ചതാണ് വെള്ളക്കെട്ടിനും വെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്നതിനും കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഡ്രൈനേജ് നിർമാണം പൂർത്തിയാക്കി വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രവൃത്തിക്കായി ഫണ്ട് അനുവദിച്ചിട്ടും ആന്തൂർ നഗരസഭ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഓരോ മഴക്കാലത്തും ദുരിതം ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
.jpg)


