ഒരിറ്റു കുടിവെള്ളത്തിനായി മമ്മാക്കുന്ന് കണ്ടംകുനിയിലെ കുടുംബങ്ങൾ കേഴുന്നു ; പൊട്ടിയ ജലവിതരണ പൈപ്പ് നന്നാക്കാതെ വാട്ടർ അതോറിറ്റി അധികൃതർ
മമ്മാക്കുന്ന്: കുടിവെള്ളം കിട്ടാതെ കുടുംബങ്ങൾ നെട്ടോട്ടമോടുന്നു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻമാർക്ക് മുൻപിൽ പല തവണ പരാതിയുമായി എത്തിയെങ്കിലും നാളെ നാളെയെന്ന് പറഞ്ഞു കൈയ്യൊഴിയുന്നുവെന്നാണ് പരാതി. വാർഡ് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ കണ്ടം കുനിയിലെ പന്ത്രണ്ടിലേറെ കുടുംബങ്ങളാണ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പ്പോലും വെള്ളമില്ലാതെ വലയുന്നു. ഭക്ഷണം പാചകം ചെയ്യുന്നതിനായി വളരെ ദൂരെയുള്ള വീടുകളിൽ പോയി തലച്ചുമടായാണ് കലങ്ങളിലും ബക്കറ്റുകളിൽ തൂക്കിയും ഇവർവെള്ളം വീടുകളിലേക്ക് കൊണ്ടുവരുന്നത്. രോഗികളായ പ്രായം ചെന്ന സ്ത്രീകളും കുട്ടികളും വയോധികരായ പുരുഷൻമാരുമൊക്കെ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്.
രണ്ടാഴ്ച്ച മുൻപെ തൈവളപ്പിൽ വയലിലൂടെയുള്ള കുടിവെള്ള വിതരണ പെപ്പ് പൊട്ടിയതോടെയാണ് കണ്ടം കുനിയിലെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയത്. പുഴയോരത്തായതിനാൽ ഉപ്പുവെളളം കയറുന്ന പ്രദേശമാണിത്. അതുകൊണ്ടുതന്നെ ഭൂരിഭാഗം വീടുകളിലും കിണറുകളില്ല. വാട്ടർ അതോറിറ്റിയുടെ പെരളശേരി കുടിവെള്ള പദ്ധതിയിൽ നിന്നും പൈപ്പ് വഴി വീടുകളിലെത്തുന്ന വെള്ളമാണ് ഇവർ ഉപയോഗിക്കുന്നത്. നേരത്തെയും ഇവിടെ പൈപ്പ് പൊട്ടിയിരുന്നു.
പ്രദേശവാസികൾ മൂന്നു പെരിയയിലെ ഓഫീസിന് മുൻപിൽ നടത്തിയ ധർണ യെ തുടർന്നാണ് താൽകാലികമായി പുന:സ്ഥാപിച്ചത്. പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചാൽ മാത്രമേ ശാശ്വത പരിഹാരമുണ്ടാവുകയുള്ളുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ ജനങ്ങൾ പ്രക്ഷോഭമാരംഭിക്കുമെന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് അഞ്ചാം വാർഡ് മെംപർ സി. പ്രകാശൻ പറഞ്ഞു.
.jpg)


