വി. കെ സുരേഷ് ബാബുവിൻ്റെ സബർമതി 'നാരായണ നാരായണ'യിൽ പുസ്തകകെട്ടുമായി ബ്രണ്ണൻ സഹപാഠികളുമെത്തി
കൂത്തുപറമ്പ് :ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലിലെ സബർമതിയിലെ നാരായണ നാരായണ ഗ്രന്ഥാലയത്തിൽ സന്ദർശക പ്രവാഹം. ഉദ്ഘാടനം ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുസ്തകങ്ങളുമായി ഗ്രന്ഥകാരന്മാരും സഹൃദയരും ഒഴുകിയെത്തുകയാണ്. സാമൂഹിക പ്രവർത്തകനും പ്രശസ്ത പ്രഭാഷകനും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി മുൻ ചെയർമാനും സിപിഐ നേതാവുമായ വി.കെ സുരേഷ് ബാബുവിൻ്റെ വീടായ സബർമതിയിൽ ഒരുക്കിയ ഗ്രന്ഥാലയമാണ് സഹൃദയരെ ആകർഷിക്കുന്നത്.
ബ്രണ്ണൻ കോളജിലെ സഹപാഠികളടക്കം നിരവധി പേർ ഞായറാഴ്ചയെത്തി.നാട്ടുകാർ ഇതിനകം തന്നെ ഗ്രന്ഥാലയം നെഞ്ചേറ്റി കഴിഞ്ഞു.
മുത്തച്ഛൻ്റെയും അച്ഛൻ്റെയും പേര് നാരായണൻ എന്നായിരുന്നു. കുട്ടിക്കാലത്ത് പുരാണങ്ങളടക്കം തന്നെ വായിക്കാൻ പ്രേരിപ്പിച്ച മുത്തച്ഛൻ്റെയും അച്ഛൻ്റെയും സ്മരണയിലാണ് വീട്ടിൻ്റെ മുകളിൽ ഒരുക്കിയ ഗ്രന്ഥാലയത്തിന് നാരായണ നാരായണ എന്നു പേരിട്ടതെന്ന് സുരേഷ് ബാബു പറഞ്ഞു. മുത്തച്ഛൻ വായിച്ചിരുന്ന രാമായണം താളിയോല ഗ്രന്ഥവും ഗ്രന്ഥാലയത്തിലുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.
രാമായണത്തിലെ വരികൾ എടുത്ത് അധ്യാപകരോട് നിരന്തരം സംശയങ്ങൾ ചോദിച്ചവി.കെ. സുരേഷ് ബാബുവിനെയാണ് സഹപാഠികൾ ഓർത്തെടുത്തത് .
അതിന് പ്രേരിപ്പിച്ച ഒരു കാരണം മുത്തച്ഛൻ്റെ താളിയോല ഗ്രന്ഥ വായന കൂടിയായിരിക്കുമെന്ന് സഹപാഠികൾ തിരിച്ചറിഞ്ഞു.
എഴുത്തുകാരനും മാതൃഭൂമി മുംബൈ ന്യൂസ് എഡിറ്ററുമായ എൻ ശ്രീജിത്ത്, മാധ്യമപ്രവർത്തകനും സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടറുമായ ഡോ . സഞ്ജീവൻ അഴീക്കോട് വടകര കണ്ണൂക്കരയിലെ പി. ബി . സജിത് കുമാർ,അധ്യാപക അവാർഡ് ജേതാവ് വി.സി ശൈലജടീച്ചർ,
പി.വി. പ്രേമരാജൻ ചിന്മയ മിഷൻ അധ്യാപിക താര അജയൻ ,പി.വി. ജ്യോതി ടീച്ചർ , പി.കെ പ്രകാശൻ മാസ്റ്റർ തുടങ്ങിയ ബ്രണ്ണൻ സഹപാഠികളാണ് പുസ്തകങ്ങളുമായി നാരായണാലയത്തിൽ എത്തിയത്.
ഡോ . സഞ്ജീവൻ അഴീക്കോട് തൻ്റെ ഫോക് ലോർ പഠനഗ്രന്ഥങ്ങളും, അധ്യാപക അവാർഡ് ജേതാവ് കൂടിയായ വി.സി. ശൈലജ ടീച്ചർ താൻ എഴുതിയ പുതിയ കഥാസമാഹാരങ്ങളും ഗ്രന്ഥാലയത്തിന് നൽകി.സാഹിത്യകാരനായ ദിനേശ് കൃഷ്ണ തൻ്റെ പുതിയ കൃതിയുമായാണ് എത്തിയത്. നിരവധി സാഹിത്യകാരന്മാരും ഗ്രന്ഥകാരന്മാരും ദിനേന സബർമതി സന്ദർശിക്കുന്നുണ്ട്. അതോടൊപ്പം വിവിധ സാംസ്‌കാരിക സംഘടനകളും പ്രവർത്തകരും പുസ്തകങ്ങൾ സമ്മാനിക്കാനെത്തുന്നു.
സഹധർമ്മിണി ചിറ്റാരിപ്പറമ്പ് സഹകരണ ബാങ്ക് മാനേജർ കൂടിയായ പി. പ്രീതയും ഏകമകൻ ആസാദ് സൂര്യനും സബർമതിയിലെ ഗ്രന്ഥാലയത്തിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.ഒഴിവു ദിനങ്ങളിൽ സഹോദരന്മാരായ രാജീവൻ്റെയും രാമചന്ദ്രൻ്റെയും
മക്കൾ ആവണി,പഞ്ചമി,ശിവകാർത്തിക,സൂര്യഗായത്രി എന്നിവരും ബന്ധുജനങ്ങളും ചേർന്നാണ് പുസ്തകങ്ങൾ നമ്പറിട്ടു രജിസ്റ്ററിൽ ചേർത്ത് വായനക്കാർക്കായി ഒരുക്കുന്നത്. നോവൽ, കഥ, ആത്മകഥ , പഠനം , വൈജ്ഞാനിക ഗ്രന്ഥങ്ങൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ എന്നിങ്ങനെ നിരവധി കാറ്റഗറികളായി തരം തിരിച്ചിട്ടുമുണ്ട്.
വിവിധ ഇടങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയപ്പോൾ വി.കെ സുരേഷ് ബാബുവിന് ലഭിച്ചമെമൻ്റോകളും ശില്പങ്ങളും ഗ്രന്ഥാലയത്തിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്.വീട്ടുകാരില്ലെങ്കിലും മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിൽ കയറാനുള്ള സൗകര്യമുണ്ട്.
പ്രകൃതി സൗഹൃദാന്തരീക്ഷത്തിൽ നിർമ്മിച്ച സബർമതി ചിറ്റാരിപ്പറമ്പിലെ അനൗപചാരിക പഠന കേന്ദ്രമായി മാറുകയാണ്.
.jpg)

