മട്ടന്നൂരിനെ ചെങ്കടലാക്കി വി.കെ സനോജിൻ്റെ കൊട്ടി ക്കലാശം
മട്ടന്നൂർ: മട്ടന്നൂരിനെ ചുവപ്പിച്ച് എൽഡിഎഫ സ്ഥാനാർത്ഥി വി കെ സനോജിൻ്റെ കൊട്ടി കലാശം.തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ സമാപനം കുറിച്ച് മണ്ഡലത്തിൻറെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ് സംഘടിപ്പിച്ച കൊട്ടിക്കലാശം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിനൊപ്പം തന്നെയെന്ന് തെളിയിക്കുന്നതായി. മണ്ഡലത്തിലെ എൽഡിഎഫിൻറെ അജയ്യത വിളിച്ചോതിയാണ് കൊട്ടിക്കലാശം അരങ്ങേറിയത്. ചൊവ്വാഴ്ച്ച വൈകിട്ട് ചെറു ജാഥകൾ സംഗമിച്ച് മട്ടന്നൂർ ബസ്സ്റ്റാൻഡ് അക്ഷരാർഥത്തിൽ ചെങ്കടലായി മാറി.

ആവേശം വാനോളമുയർന്ന കൊട്ടിക്കലാശത്തിൽ ആയിരങ്ങളാണ് അണിനിരന്നത്. ചെങ്കൊടി വാനിലുയരെ പാറിച്ചും ഡിജെക്കൊപ്പം ആടിയും പാടിയും പ്രവർത്തകർ കൊട്ടിക്കലാശം അവിസ്മരണീയമാക്കി. ചുവന്ന കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും അണിനിരന്ന കൊട്ടിക്കലാശം മട്ടന്നൂർ മണ്ഡലത്തിൻറെ മനസ്സ് ഇടതിനൊപ്പം തന്നെയെന്ന് വിളിച്ചോതുന്നതായി. വേനൽചൂടിനെ വകവെക്കാതെ വൈകിട്ട് മൂന്നോടെ തന്നെ പ്രവർത്തകരും വാഹനങ്ങളും ചെമ്പതാകയുമായി മട്ടന്നൂരിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയിരുന്നു. നാല് കഴിയുമ്പോഴേക്കും മട്ടന്നൂർ ബസ്സ്റ്റാൻഡ് നിറഞ്ഞു കവിഞ്ഞു. ആവേശം കൊടുമുടി കയറിയ പ്രവർത്തകർ കൈമെയ് മറന്ന് കൊട്ടിക്കലാശം അവിസ്മരണീയമാക്കിയപ്പോൾ മട്ടന്നൂർ മണ്ഡലത്തിൻ്റെ വിജയവിളംബരമായി മാറി.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പുരുഷോത്തമൻ സ്ഥാനാർഥി വി കെ സനോജ്, എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം രതീഷ് സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റി കൺവീനർ എൻ വി ചന്ദ്ര ബാബു, ചെയർമാൻ സി വിജയൻ, സി വി ശശീന്ദ്രൻ, സരീഷ് പൂമരം, മുഹമ്മദ് സിറാജ്, കെ ടി ജോസ്, കെ പി രമേശൻ, സി എച്ച് വത്സലൻ, അണിയേരി അച്യുതൻ, സിദ്ദീഖ് മണ്ണൂർ, മണാട്ട് കുമാരൻ എന്നിവർ നേതൃത്വം നൽകി.
കൂടാളിയിൽ ഇ. സജീവൻ, കൊളോളത്തു പി.പി.നൗഫൽ എന്നിവർ നേതൃത്വം നൽകി.
.jpg)


