വയോജനങ്ങളെ ചേര്‍ത്തുപിടിക്കാം; വ്യത്യസ്തമായി 'വിഷു കൈനീട്ടം'


തലശേരി : വിഷുദിനാഘോഷവുമായി ബന്ധപ്പെട്ട് തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കീഴിലുള്ള ആര്‍ദ്രദീപം പദ്ധതിയും നഗരസഭയും സബ് കളക്ടര്‍ ഓഫീസും സംയുക്തമായി 'വിഷുകൈ നീട്ടം'പരിപാടി സംഘടിപ്പിച്ചു. വയോജനങ്ങളും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന പരിപാടി തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനറാണി ഉദ്ഘാടനം ചെയ്തു.
എല്ലാവര്‍ക്കും ഒത്തുകൂടാനും കാണാനും സംസാരിക്കുവാനുള്ള അവസരങ്ങളാണ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി അധ്യക്ഷനായി. വിവിധ വയോജന കേന്ദ്രങ്ങളില്‍ നിന്നായി നൂറിലധികം വയോജനങ്ങള്‍ പരിപാടിയുടെ ഭാഗമായി. എത്തിച്ചേര്‍ന്ന മുഴുവന്‍ വയോജനങ്ങള്‍ക്കും സബ് കലക്ടര്‍ വിഷു കൈനീട്ടവും നല്‍കി.

വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ നേതൃത്വത്തില്‍ ആര്‍ദ്രദീപം പദ്ധതി നടപ്പിലാക്കുന്നത്. അവബോധം, വിഭവസമാഹരണം, മാനസിക പിന്തുണ നല്‍കല്‍ എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ട്രിബ്യൂണലിന്റെ മുന്‍പില്‍ എത്തിക്കുക, ആവശ്യമായ സാധനങ്ങള്‍ സി എസ് ആര്‍ ഫണ്ട് വഴി കണ്ടെത്തി നല്‍കുക, വീടുകളിലും മറ്റും ഒറ്റപ്പെട്ടും മറ്റും മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരാലംബരായ വയോജനങ്ങള്‍ക്കു മാനസിക പിന്തുണ നല്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയില്‍ തലശ്ശേരി ഗവ ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പാള്‍ പി പ്രശാന്ത്, ഡി എല്‍ എസ് എ സബ് ജഡ്ജ് പി മഞ്ജു, തലശ്ശേരി നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍ നാരായണന്‍, സബ് കലക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ഇ സൂര്യകുമാര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും വയോജനങ്ങളുടെയും കലാപരിപാടികള്‍ അരങ്ങേറി.