കരിവെള്ളൂരിൽ നിന്നും സി.പി.എമ്മിൻ്റെ നേതൃപദവിയിലേക്ക് 'കണ്ണൂരിൻ്റെ കരുത്തറിയിച്ച് വിജു കൃഷ്ണൻ


കണ്ണൂർ : എണ്ണമറ്റ കമ്യുണിസ്റ്റ് പോരാട്ടങ്ങൾ കൊണ്ടു ചുവന്ന കണ്ണൂരിൻ്റെ മണ്ണിൽ നിന്നും മറ്റൊരു യുവനേതാവ് കൂടി സി.പി.എം പൊളിറ്റ് ബ്യുറോയിലേക്ക്. കരിവെള്ളൂർ സ്വദേശിയായ വിജു ക്യഷ്ണൻ എസ്എഫ്ഐയിലുടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റായിരുന്നു.
എസ്എഫ്ഐ അഖിലേന്ത്യാ ഭാരവാഹിയുമായിരുന്നുവിജു കൃഷ്ണൻ. വിദ്യാഭ്യാസകാലഘട്ടത്തിന് ശേഷം അധ്യാപന ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ജോലി രാജിവെച്ച് സിപിഎമ്മിൻ്റെ മുഴുവൻ സമയ പ്രവർത്തകനാവുകയായിരുന്നു. കാർഷിക സമ്പദ്ഘടനയിലെ മാറ്റത്തെക്കുറിച്ചുള്ള പഠനത്തിൽ ഗവേഷണ ബിരുദമുള്ള വിജു കൃഷ്ണനെ കർഷക മുന്നണിയിലെ മുഴുവൻ സമയ പ്രവർത്തനത്തിനാണ് സിപിഎം നിയോഗിച്ചത്.

2018ൽ മഹാരാഷ്ട്രയിൽ നടന്ന കിസാൻ ലോങ് മാർച്ചെന്ന ചരിത്ര പ്രസിദ്ധമായ കർഷക സമരത്തിൻ്റെ പ്രധാന സംഘാടകരിൽ ഒരാളെന്ന നിലയിലാണ് വിജു കൃഷ്ണൻ ദേശീയ ശ്രദ്ധ നേടുന്നത്. പിന്നീട് മോദി സർക്കാരിൻ്റെ കുപ്രസിദ്ധമായ കർഷക ബില്ലിനെതിരെ നടന്ന സമരത്തിലും ശ്രദ്ധേയമായ നേതൃമികവിൻ്റെ പേരിൽ വിജു ക്യഷ്ണൻ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയാണ് വിജു കൃഷ്ണൻ.