അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി; പി.കെ രാഗേഷിൻ്റെ ബാങ്ക് അക്കൗണ്ട് വിജിലൻസ് മരവിപ്പിച്ചു

Vigilance freezes PK Ragesh's bank account
Vigilance freezes PK Ragesh's bank account

കണ്ണൂർ: കോൺഗ്രസ് വിമത നേതാവും കണ്ണൂർ കോർപറേഷൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ.രാഗേഷിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയതിനു ശേഷം വിജിലൻസ് കൂടുതൽ നടപടികളിലേക്ക്. തലശേരി വിജിലൻസ് കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. രാത്രി ഏറെവൈകിയാണ് പരിശോധന അവസാനിച്ചത്. അനധികൃത സ്വത്ത് സമ്പാദനമെന്ന പി.കെ.രാഗേഷിനെതിരെയുള്ള ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് രാഗേഷിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

വീട്ടിൽ നിന്നും കണ്ണൂർ കോർപറേഷനിലെ കാബിനിൽ നിന്നും ചിലരേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് വിജിലൻസ് സെൽ എസ്.പി കെ.പി അബ്ദുൾറസാഖിൻ്റെ നേതൃത്വത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. ഒരേ സമയത്തായിരുന്നു ചാലാട് മുള്ളങ്കണ്ടിയിലെ പി.കെ രാഗേഷിൻ്റെ വസതിയിലും കോർപറേഷനിലെ പി.കെ രാഗേഷിൻ്റെ ക്യാബിനിലും റെയ്ഡ് നടന്നത്. 

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനമെന്ന ആരോപണമാണ് പി.കെ രാഗേഷിനെതിരെ മൂന്ന് വർഷം മുൻപ് വിജിലൻസിന് ലഭിച്ചത്. പി.കെ.രാഗേഷിൻ്റെ കണ്ണൂർ കോർപറേഷനിലെ ക്യാബിനിൽ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ അതീവ രഹസ്യമായി വിജിലൻസ് എത്തുകയായിരുന്നു. തുടർന്ന് പരിശോധന
മണിക്കൂറുകൾ നീണ്ടു. ഇവിടെ സൂക്ഷിച്ച പ്രധാന ഫയലുകൾ ഉൾപ്പെടെ വിജിലൻസ് വിളിച്ചു വരുത്തി പരിശോധിച്ചിട്ടുണ്ട്. 

ക്യാബിനിൽ നടന്ന പരിശോധനയിൽ മൂന്ന് വിജിലൻസ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയിരുന്നു. വസതിയിൽ നിന്നും കണ്ടെത്തിയ ചിലരേഖകൾ വിജിലൻസ് കൊണ്ടുപോയി. വിജിലൻസ് സൂപ്രണ്ടിന് പുറമേ ഡി.വൈ.എസ്പി ഗസ്റ്റഡ് ഉദ്യോഗസ്ഥൻമാർ തുടങ്ങി 15 അംഗ ടീമാണ് പങ്കെടുത്തത്. രണ്ടു വർഷം മുൻപെ പി.കെ രാഗേഷിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. 

ഇതിനിടെ റെയ്ഡിനിടെയിൽ പി.കെ രാഗേഷ് ചൊവ്വാഴ്ച്ച രാവിലെ 11 ന് നടന്ന കണ്ണൂർ കോർപറേഷൻ വികസന സെമിനാറിലെത്തി പദ്ധതിരേഖ അവതരിപ്പിക്കുകയും ചെയ്തു. വിജിലൻസ് പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് പി.കെ രാഗേഷ് പ്രതികരിച്ചു. എല്ലാ വർഷവും ലോകായുക്തയിൽ സ്വത്ത് സംബന്ധമായും മറ്റുള്ള വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താരുണ്ട്. ഇതിൽ കൂടുതൽ എന്തെങ്കിലുമുണ്ടോയെന്ന പരിശോധന നടത്താനുള്ള അവകാശം വിജിലൻസിനുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

Tags