തളിപ്പറമ്പ് സഹകരണ ബേങ്കിന്റെ കെട്ടിട നവീകരണ അഴിമതി കേസിൽ കല്ലിങ്കിൽ പത്മനാഭനെ വിജിലൻസ് കോടതി കുറ്റവിമുക്തനാക്കി


തലശേരി : കെട്ടിട നവീകരണഅഴിമതി കേസിൽ കല്ലിങ്കീല്‍ പത്മനാഭനെ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കി. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കിന്റെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്ലാത്തോട്ടം ഗോവിന്ദന്‍ സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തലശേരിയിലെ വിജിലന്‍സ് കോടതി കേസിലെ അഞ്ചാം പ്രതിയായ മുന്‍ ബേങ്ക് പ്രസിഡന്റ് കല്ലിങ്കീലിനെ കുറ്റവിമുക്തനാക്കിയത്.
വൈസ് പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായ എ.അബ്ദുള്ള ഹാജി, ഡയരക്ടര്‍ എം.വി.രവീന്ദ്രന്‍ എന്നിവരെയേയും കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏഴു പ്രതികളാണ് ഈ കേസില്‍ ഉണ്ടായിരുന്നത്. പ്രതികളില്‍ ചിലര്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. 2003 ലാണ് ബേങ്ക് കെട്ടിടം നവീകരിച്ചത്. 2004 ല്‍ ബേങ്ക് പ്രസിഡന്റായി ചുമതലയേറ്റ കല്ലിങ്കീല്‍ പത്മനാഭനെ ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇത് പൂര്‍ണമായും കെട്ടിച്ചമച്ച കേസാണെന്ന് കണ്ടെത്തിയാണ് കോടതി വിധി. പ്രതിഭാഗത്തിന് വേണ്ടി തളിപ്പറമ്പിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ.വി.എ.സതീഷ് ഹാജരായി.
ഇത്തരത്തില്‍ വ്യാജമായി കെട്ടിച്ചമച്ച കേസിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗം കല്ലിങ്കീലിനെതിരെ രംഗത്തുവന്നിരുന്നു.
