വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ സ്മാർട്ട് സമ്മർ അവധിക്കാല ചലഞ്ചുകൾക്ക് തുടക്കമായി

Valapatnam Gram Panchayat Library's Smart Summer Holiday Challenges have started

 വളപട്ടണം : വായന ശീലവും ക്രിയാത്മക ശേഷികളുടെ വികസനവും ലക്ഷ്യമിട്ട് വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ബാലവേദിയായ ക്രിയേറ്റീവ് ഹോം, അവധിക്കാലത്ത് കുട്ടികൾക്കായി നടത്തുന്ന സ്മാർട്ട് സമ്മർ ചലഞ്ചുകൾക്ക് തുടക്കമായി.  വളപട്ടണം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും എഴുത്തുകാരനുമായ സി.കെ സുജിത്ത് ചലഞ്ചുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 

‘എന്റെ പുസ്തകക്കുറിപ്പുകൾ എന്റെ നിരീക്ഷണക്കുറിപ്പുകൾ’ എന്ന് പേരിട്ട കുട്ടികളുടെ ലൈബ്രറി ഡയറിയുടെ വിതരണവും ചടങ്ങിൽ നടന്നു. ഗ്രാമപഞ്ചായത്തിന്റെ ബാലസൌഹൃദ പദ്ധതിയിൽ തയ്യാറാക്കിയ ഡയറിയിലാണ് കുട്ടികൾ അവരുടെ അവധിക്കാല വായനയുടെയും മറ്റ് ചലഞ്ചുകളുടെയും അനുഭവങ്ങൾ രേഖപ്പെടുത്തുക. ഡയറിയുടെ മുഖച്ചിത്രത്തൽ ഇടംപിടിച്ച നാല് വയസ്സുകാരനായ മുഹമ്മദ് എമിൻ സുഹൈൽ ആണ് ആദ്യ ഡയറി ഏറ്റുവാങ്ങിയത്.  സംസ്ഥാന ലൈബ്രറി കൌൺസിൽ ആവിഷ്കരിച്ച വായനക്കളരിയുടെ ഭാഗമായിട്ടുകൂടിയാണ് ലൈബ്രറി ഇത്തരമൊരു പ്രോഗ്രാം അവധിക്കാലത്ത് നടത്തുന്നത്. 

വിദ്യാഭ്യാസ വകുപ്പ്  ബി.ആർ.സിയിലൂടെ നടത്തുന്ന വായനപരിപോഷണ പരിപാടിയും ഇതിനൊപ്പം  സംഘടിപ്പിക്കുന്നുണ്ട്.  ക്രിയേറ്റീവ്ഹോം പ്രസിഡന്റ് ആർ.ശിവദ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.കെസനോജ്, ബി.ആർ.സി പ്രതിനിധി പി.നയന എന്നിവർ സംസാരിച്ചു. ക്രിയേറ്റീവ് ഹോം ബാലവേദി സെക്രട്ടറി ഇലാൻ ഫൈറൂസ് സ്വാഗതവും കമ്മിറ്റിയംഗം എം.ടി.ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.

Tags