കണ്ണൂർ കാട്ടാമ്പള്ളിയിലെ ചിത്രലേഖയുടെ വീട് ജപ്തി ചെയ്യാൻ അർബൻ ബാങ്ക് ; വൻ പ്രതിസന്ധിയിൽ കുടുംബം

Urban Bank to seize Chithralekha's house in Kattampally, Kannur; Family in big crisis
Urban Bank to seize Chithralekha's house in Kattampally, Kannur; Family in big crisis

കണ്ണൂർ : ചിത്രലേഖയുടെ  കുടുംബം തെരുവിലേക്കോ അതോ കൂട്ട പാലായനത്തിലേക്കോ? ഏതു വഴിയാണ്  തിരഞ്ഞെടുക്കേണ്ടതെന്ന് ചിത്രലേഖയുടെ ഭർത്താവ് എം.ശ്രീഷ് കാന്തിന് ഇനിയുംനിശ്ചയമില്ല. തൊഴിൽ ചെയ്തു ജീവിക്കാനുള്ള ഒറ്റയാൾ പെൺ പോരാട്ടത്തിലൂടെ ചരിത്രത്തിലിടം നേടിയ ചിത്രലേഖയുടെ കാട്ടാമ്പള്ളി കുതിരത്തടത്തിലുള്ള വീട് ജപ്തി ചെയ്യാൻ  കോൺഗ്രസ് ഭരണ സമിതി നിയന്ത്രണത്തിലുള്ള കണ്ണൂർ  കോ. ഓപ്പറ്റീവ് അർബൻ ബാങ്ക് അധികൃതർ നോട്ടീസ് നൽകിക്കഴിഞ്ഞു. കഴിഞ്ഞ24 നാണ്  തലശേരി സി.ജെ.എം കോടതിയുത്തരവടക്കം ഹാജരാക്കി ബാങ്ക് മാനേജർ പ്രിയേഷും മറ്റുദ്യോഗസ്ഥരും അഡ്വക്കറ്റ് കൗൺസലർ കെ.എം.ഷൈജയും ചിത്രലേഖയുടെ വീട്ടിലെത്തി  നോട്ടീസ് നൽകിയത്. പട്ടിണിയിൽ കഴിയുന്ന കുടുംബം ജപ്തി നോട്ടീസ് കൂടി കിട്ടിയതോടെ വൻ പ്രതിസന്ധി നേരിടുകയാണ് :2016 ഓഗസ്തിലാണ് അഞ്ച് ലക്ഷം രൂപ പത്തു വർഷ കാലാവധിയിൽ അർബൻ ബാങ്കിൽ നിന്ന് പട്ടയം ഈടു വെച്ച് വായ്പയെടുക്കുന്നത്. 

tRootC1469263">

മുൻ കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനനാണ് ഇടനില നിന്ന് വായ്പ ശരിയാക്കിക്കൊടുത്തത്. തനികപ്പണയായ ഭൂമി തറയാക്കാൻ തന്നെ വായ്പ തുക ചെലവായി. വായ്പയിൽ ഒന്നര ലക്ഷം രൂപയിലധികം തിരിച്ചടച്ചു. പലിശയടക്കം ഒമ്പതു ലക്ഷം രൂപയാണ് ബാങ്ക് നോട്ടീസ് പ്രകാരം അടയ്ക്കേണ്ടത്. ഇപ്പോഴത്തെ ബാങ്ക് ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ രാജീവൻ എളയാവൂർ ആറു ലക്ഷം രൂപയ്ക്ക് സെറ്റിലാക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ സെഷൻസ് കോടതി മുഖേന നോട്ടീസ് നൽകിയിരിക്കുന്നത്.
   കുതിരത്തടത്തെ അഞ്ച് സെന്റ് ഭൂമി 2016 മാർച്ചിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണനുവദിച്ചത്. 

200 ദിവസം കണ്ണൂർ കലക്ട്രേറ്റിനും  സെക്രട്ടറിയേറ്റിനും മുന്നിൽ ചിത്രലേഖ നടത്തിയ സമരത്തെ തുടർന്ന് അഞ്ച്ലക്ഷം രൂപയും വീടുനിർമാണത്തിനനുവദിച്ചിരുന്നു.ജില്ലാ കലക്ടറായിരുന്ന ബാലകിരണാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. തറ പൂർത്തിയായ ശേഷം ഭരണമേറ്റ എൽ.ഡി.എഫ് സർക്കാർ ഭൂമിയും പണവും റദ്ദാക്കി. 2024 ജൂണിൽ ഹൈക്കോടതിയാണ് ഭൂമി ചിത്രലേഖയ്ക്ക്  തിരിച്ചു നൽകിയത്. ഒക്ടോബറിലാണ് ചിത്രലേഖ അർബുദ ത്തെ തുടർന്ന് മരിക്കുന്നത്. ഭർത്താവ് ശ്രീഷ്കാന്ത്, മകൻ മനു, മനുവിന്റെ രണ്ടു കുട്ടികൾ എന്നിവരാണ് കാട്ടാമ്പള്ളിയിലെ എരമംഗലത്ത് വീട്ടിൽ താമസിക്കുന്നത്. മകൾ മേഘയും കുട്ടിയും ഭർത്താവിന്റെ വീട്ടിലാണ്.

ചിത്രലേഖയുടെ അപ്രതീക്ഷിതമായ മരണം, ഭർത്താവ് ശ്രീഷ്കാന്തിനു നേരെയുണ്ടായ അക്രമം, ഓട്ടോറിക്ഷ ഫിനാൻസ് കമ്പനിയുടെ  കൊണ്ടുപോകൽ, മകൻ മനുവിന്റെ മാനസികാസ്വാസ്ഥ്യം തുടങ്ങിയവ കൊണ്ടാണ് തിരിച്ചടവ് മുടങ്ങിയത്. കാലിലെ പരുക്ക് കാരണം  ശ്രീഷ്കാന്തിനിപ്പോഴും ഓട്ടോറിക്ഷയോടിക്കാനാകില്ല. മനുവിനാണെങ്കിൽ മാനസികാസ്വാസ്ഥ്യവും. ആരുടെയൊക്കെയോ കാരുണ്യത്തിലാണ് ജീവിതം തള്ളി നീക്കുന്നത്. ഇതിനിടയിലാണ് ജപ്തി നീക്കം. വീട് വിറ്റും വായ്പ തിരിച്ചടയ്ക്കാൻ കുടുംബം തയ്യാറാണ്. വാങ്ങാനുമാളുണ്ട്. പക്ഷേ, 12 വർഷം കഴിഞ്ഞാലേ ഭൂമി വിൽക്കാവൂവെന്നാണ് നിയമം. ഇതുമായി ബന്ധപ്പെട്ട് കലക്ട്രേറ്റിൽ അപേക്ഷ നൽകിയിട്ടുണ്ട്. താലൂക്ക്, വില്ലേജ് ഓഫീസുകളിൽ നടന്ന പരിശോധനകളിൽ നിസഹായത ബോധ്യപ്പെട്ടു. 

ഫയലിപ്പോൾ റവന്യു കമ്മീഷണറുടെ ഓഫീസിലാണുള്ളത്. ഇതിൽ തീരുമാനമായാൽ വീടു വിറ്റ് ബാങ്ക് വായ്പ തീർത്ത് ജീവിത മാർഗത്തിനുള്ള ഉപാധികളും കണ്ടെത്താമെന്ന തീരുമാനത്തിലായിരുന്നു ശ്രീഷ്കാന്ത്.        കഴിഞ്ഞ മാസം 22നാണ് വീട് ജപ്തി ചെയ്യാൻ സി.ജെ.എം കോടതി ഉത്തരവിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിനിടയിലാണ് ജപ്തി നടപടിയുമായി അർബൻ ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്. ഡിസംബർ ഏഴിനകം വീടൊഴിയണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഇല്ലെങ്കിൽ ഡിസംബർ 18ന് ജപ്തി ചെയ്യുമെന്നാണ് താക്കീത്. വാടകയ്ക്ക്  ശ്രീഷ്കാന്ത് ഓട്ടോറിക്ഷ കിട്ടിയാൽ പരുക്ക് വക വെക്കാതെ കുടുംബം പോറ്റാൻ ശ്രീഷ്കാന്ത് തയ്യാറാണ്. അക്ഷരാർത്ഥത്തിൽ  പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ് ചിത്രലേഖയുടെ കുടുംബം. ജീവിതത്തിൽഇനിയെന്ത്? ചോദ്യം നേരിടുകയാണ് നാലംഗങ്ങളുള്ള ഈ കുടുംബം.

Tags