അശാസ്ത്രീയ മാലിന്യസംസ്കരണം; കണ്ണൂർ പിലാത്തറ എം.ജി.എം കോളേജിന് 20,000 രൂപ പിഴ ചുമത്തി തദ്ദേശ സ്വയംഭരണ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Unscientific waste disposal; Kannur Pilathara MGM College fined Rs. 20,000 by the Local Self-Government Department Enforcement Squad

പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് എം.ജി.എം ഗ്രൂപ്പ്‌ ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷന്റെ പിലാത്തറ ക്യാമ്പസിനു 20,000 രൂപ പിഴചുമത്തി. പരിശോധനയിൽ സ്ഥാപനത്തിൽ ഗുരുതരമായ മാലിന്യ സംസ്‌കരണ വീഴ്ചകളാണ് കണ്ടെത്തിയത്.

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തുറസ്സായ സ്ഥലത്ത് കൂട്ടിയിടുകയും തത്സമയം കത്തിക്കുകയും ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തി. ഉടൻ തന്നെ തീ അണപ്പിക്കുകയും മാലിന്യങ്ങൾ വേർതിരിച്ചു കൈ ഒഴിയുവാൻ നിർദേശം നൽകുകയും ചെയ്തു. കൂടാതെ, സ്ഥാപനത്തിന്റെ ബോയ്‌സ് ഹോസ്റ്റലിലെ സെപ്റ്റിക് ടാങ്ക് ലീക്ക് ചെയ്ത് മലിനജലം പുറത്തേക്ക് ഒഴുകുന്നതായും സ്ഥിരമായി ഹോസ്റ്റലിൻ്റെ പലയിടങ്ങളിലായി മാലിന്യങ്ങൾ കത്തിച്ചു വരുന്നതായും സ്ക്വാഡ് കണ്ടെത്തി.

 മാലിന്യപ്രശ്നങ്ങൾക്ക് അടിയന്തരമായി ശാസ്ത്രീയമായ പരിഹാരംകാണണമെന്ന് സ്‌ക്വാഡ് സ്ഥാപനത്തിന്റെ വൈസ് പ്രിൻസിപ്പാലിന് കർശന നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിലുള്ള പരിശോധനകൾ ശക്തമായി തുടരുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം ജിഷ്ണുരാജ് എം, ദിബിൽ സി കെ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഞ്ജന പി വി തുടങ്ങിയവർ പങ്കെടുത്തു.

Tags