നിയമ പോരാട്ടങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായ അഡ്വ. ആ സഫലിക്ക് യു.ഡി എഫ് സർക്കാരിൻ്റെ അംഗീകാരം

AdvT Asaf Ali

തലശേരി: ഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷനായി ടി ആസഫലിയെ ആദ്യ മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു യുഡിഎഫ് സർകാരിൻ്റെ നിർണായക നീക്കം കണ്ണൂരിലെ രാഷ്ട്രീയാതിക്രമങ്ങൾക്ക് തടയിടാൻ വേണ്ടി ലക്ഷ്യമിട്ടുകൊണ്ട് .ഒരു പതിറ്റാണ്ടിന് ശേഷം യു.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ നിയമ-പ്രോസിക്യൂഷൻ രംഗത്തെ നിർണായക സ്ഥാനത്തേക്ക് ചൊക്ലി പെരിങ്ങാടി സ്വദേശിയായ അഡ്വ. ടി. ആസഫ് അലി എന്ന തട്ടാരക്കല്‍ ആസഫ് അലി വീണ്ടും എത്തുന്നത് നിയമ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായാണ്. മുൻ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) പദവി അലങ്കരിച്ചിരുന്ന ഇദ്ദേഹം വി.ഡി സതീശൻ മന്ത്രിസഭയിലും അതേ സുപ്രധാന ചുമതലയിലേക്കെത്തുന്നതൊടെ ക്രിമിനൽ കേസുകളിൽ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകുന്നതിൽ നിർണായക പങ്കു വഹിക്കും.

സംസ്ഥാനത്തെ പ്രോസിക്യൂഷൻ ചരിത്രത്തിലും നിയമ വഴിയിലും അവഗാഹമുള്ള അദ്ദേഹത്തിൻ്റെ നിയമനം വലിയ പ്രതീക്ഷയോടെയാണ് നിയമ വൃത്തങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും വീക്ഷിക്കുന്നത്. മുന്‍കാലങ്ങളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിത്വത്തെയാണ് വീണ്ടും സര്‍ക്കാര്‍ ആ പദവിയിലേക്ക് എത്തിച്ചിരിക്കുന്നത്.സംസ്ഥാനത്തെ ക്രിമിനൽ കേസുകളിലെ സർക്കാർ വാദങ്ങളുടെ ഏകോപനം,ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളിലെ പ്രോസിക്യൂഷൻ നിലപാടുകൾ രൂപപ്പെടുത്തൽ, പൊതു പ്രോസിക്യൂട്ടർമാരുടെ പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശം നൽകൽ തുടങ്ങിയ അത്യന്തം നിർണായക ചുമതലകളാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പദവിക്കുള്ളത്. നിയമ രംഗത്തെ പരിചയസമ്പത്തും രാഷ്ട്രീയ-ഭരണപരമായ വിഷയങ്ങളിലെ ഇടപെടലുകളും ടി. ആസഫ് അലിയെ സംസ്ഥാന രാഷ്ട്രീയത്തിലും നിയമ ലോകത്തും സുപരിചിതനാക്കി.

കോൺഗ്രസിന്റെ നിയമ പോരാട്ടങ്ങളിലെ പ്രധാന മുഖങ്ങളിലൊരാളായ അദ്ദേഹം നിരവധി രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ പാർട്ടിക്കു വേണ്ടി ഹാജരായിട്ടുണ്ട്. ഏറെ ശ്രദ്ധേയമായ ടി.പി ചന്ദ്രശേഖരൻ വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ്, ശുഹൈബ് വധക്കേസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കൊലപാതക കേസുകളിലെ നിയമ പോരാട്ടങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. പ്രത്യേകിച്ച് ശുഹൈബ് വധക്കേസിൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് കോടതിയിൽ ശക്തമായ വാദങ്ങൾ ഉയർത്തിയ അഭിഭാഷകരിൽ ഒരാളാണ് ആസഫ് അലി.
പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് അതേ ദിവസം തന്നെ ശുഹൈബ് വധക്കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ ആരംഭിച്ചതും രാഷ്ട്രീയ വൃത്തങ്ങളിൽ പ്രത്യേക ചർച്ചയായി മാറിയിട്ടുണ്ട്. വർഷങ്ങളായി രാഷ്ട്രീയ വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും വിധേയമായ കേസ് നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, അതിൽ പാർട്ടിക്കു വേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ തന്നെ സംസ്ഥാനത്തിന്റെ പ്രോസിക്യൂഷൻ തലവനായി വീണ്ടും എത്തുന്നത് രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.

വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടം മുതൽ കോൺഗ്രസിനൊപ്പം സജീവമായിരുന്ന ആസഫലി കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിൻ്റെ കേരള സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം രാഷ്ട്രീയ- സാമൂഹിക വിദ്യാഭ്യാസ മണ്ഡലങ്ങളിലും ശ്രദ്ധേയനായ വ്യക്തിത്വമാണ്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അദ്ദേഹം ഭരണഘടനാ വിഷയങ്ങൾ, ക്രിമിനൽ നിയമം, രാഷ്ട്രീയ കേസുകൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലങ്ങളിൽ നിയമ ഉപദേഷ്ടാവെന്ന നിലയിലും വിവിധ വിഷയങ്ങളിൽ സർക്കാരിന് നിർണായക നിർദേശങ്ങൾ നൽകിയിരുന്നുവെന്നാണ് വിലയിരുത്തൽ.
ദീർഘകാലത്തെ കരിയറിനിടയിൽ നിരവധി സങ്കീർണമായ ക്രിമിനൽ കേസുകളിൽ പ്രോസിക്യൂഷനായും പ്രതിഭാഗത്തിനായും ഹാജരായി അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിഭാഷകവൃത്തിക്കൊപ്പം തന്നെ സജീവ രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. പാർട്ടിയുടെ വിശ്വസ്‌തനായ നേതാവെന്ന നിലയിൽ 1996-ലെ കേരള നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി തൻ്റെ ജന്മനാടായ തലശ്ശേരി മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. 

അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാർക്കെതിരായ വാശിയേറിയ മത്സരത്തിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. രാഷ്ട്രീയത്തിലും നിയമത്തിലും ഒരുപോലെ പരിചയ സമ്പന്നനാണ് ടി ആസഫലി. 2011-2016 കാലഘട്ടത്തിലെ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണകാലത്താണ് അഡ്വ ടി ആസഫലി ആദ്യമായി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി നിയമിതനാകുന്നത്. സംസ്ഥാനത്തെ പ്രോസിക്യൂഷൻ ചരിത്രത്തിൽ വലിയ മാറ്റങ്ങളും ശക്തമായ ഇടപെടലുകളും കൊണ്ടുവന്ന അഞ്ച് വർഷങ്ങളായിരുന്നു അത്. അക്കാലത്ത് കേരളത്തെയാകെ നടുക്കിയ പല പ്രമുഖ രാഷ്ട്രീയ കൊലപാതകക്കേസുകളിലും വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കൂടാതെ, കോടതികളിൽ സർക്കാരിൻ്റെ ഭാഗം കൃത്യമായും വീഴ്ചകൂടാതെയും അവതരിപ്പിക്കുന്നതിനും അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനങ്ങളിൽ സുതാര്യത കൊണ്ടുവരുന്നതിനും അദ്ദേഹം മുൻകൈയെടുത്തു.കേവലം ഒരു സർക്കാർ അഭിഭാഷകൻ എന്നതിനപ്പുറം സമകാലിക ജനകീയ വിഷയങ്ങളിൽ കൃത്യമായ നിയമോപദേശങ്ങളും നിരീക്ഷണങ്ങളും പങ്കുവയ്‌ക്കുന്നതിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ അദ്ദേഹം എടുത്ത നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു.

കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്നും ആവശ്യപ്പെട്ട പ്രമുഖരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന, പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, വിവരാവകാശ നിയമം, പൗരൻ്റെ മൗലികാവകാശങ്ങൾ, തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ചകളിലൂടെയും മാധ്യമങ്ങളിലൂടെയും അദ്ദേഹം തൻ്റെ നിരീക്ഷണങ്ങൾ എപ്പോഴും പങ്കുവയ്‌ക്കാറുണ്ട്. പൗരൻ്റെ അവകാശങ്ങൾക്കായി ശബ്‌ദമുയർത്തുന്ന അദ്ദേഹം പൊതുസമൂഹത്തിന് കൃത്യമായ നിയമ ബോധം നൽകുന്നതിൽ എന്നും മുൻപന്തിയിലാണ്. സംസ്ഥാനത്തെ ക്രമസമാധാന- നിയമപാലന രംഗത്ത് കണിശമായ നിലപാടുകളുമായി അഡ്വ. ടി. ആസഫലി വീണ്ടും പ്രോസിക്യൂഷൻ തലപ്പത്തേക്ക് എത്തുമ്പോൾ നീതിന്യായ വ്യവസ്ഥയിൽ കൂടുതൽ സുതാര്യവും ജനകീയവുമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
 

Tags