ഫാം ഉടമയായ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസ് : രണ്ടു പ്രതികൾക്ക് 19 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

court


തളിപ്പറമ്പ്: നാട്ടുകാണിയിൽ ഫാം ഉടമയായ യുവാവിനെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് 19 വർഷം കഠിനതടവും ആറര ലക്ഷം രൂപ വീതം പിഴയും  ശിക്ഷ .കണ്ണപുരം നടക്കൽ ഹൗസിൽ പ്രമോദ് (43), ചെറുകുന്നിലെ കെ. വി. രജീഷ് (36) എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നാം പ്രതി എ. ഷിനോജ് (43), നാലാം പ്രതി എ. എഫ്. ജിജിൽ എന്ന കുട്ടൻ (37) എന്നിവരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. പിഴ തുക കേസിലെ രണ്ടാം സാക്ഷിക്ക് നൽകാനും കോടതി ഉത്തരവിട്ടു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ എൻ പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്.

2015 നവംബർ 18നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. നാട്ടുകാണിയിൽ ഫാം നടത്തുന്ന ഇരിണാവ് കച്ചേരിത്തറയിലെ നുപുരത്തിൽ മിഥുൻ പി. വിജയനെ (35) യാണ് പ്രതികൾആക്രമിച്ച് കൊലപ്പെടുത്താൻ  ശ്രമിച്ചുവെന്നാണ് കേസ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷൻ്റെ വാദം.

ആക്രമണത്തിൽ മിഥുൻ്റെ ഇടത് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയിലൂടെ പിന്നീട് കൈപ്പത്തി തുന്നിച്ചേർത്തു. ചികിത്സയ്ക്കായി 28 ലക്ഷം രൂപയോളം ചെലവായതായും  പരാതിയിൽ പറയുന്നു.അന്നത്തെ തളിപ്പറമ്പ് എസ്.ഐ. കെ. ജെ. വിനോയ് ആണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. യു. രമേശൻ ഹാജരായി.

Tags